1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kochi Metro Phase 2: KMRL Speeds Up Palarivattom Road Work to Clear Traffic Congestion

കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം: റോഡ് പുനരുദ്ധാരണം ജൂൺ 6-നകം പൂർത്തിയാക്കും; ഗതാഗതക്കുരുക്ക് അഴിക്കാന്‍ വിപുലമായ ക്രമീകരണങ്ങൾ

കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലമുള്ള യാത്രാദുരിതം പരിഹരിക്കാന്‍ കെ.എം.ആര്‍.എല്‍ (KMRL) അടിയന്തര നടപടികള്‍ ശക്തമാക്കി.

Kochi Metro
കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലമുള്ള യാത്രാദുരിതം പരിഹരിക്കാന്‍ കെ.എം.ആര്‍.എല്‍ (KMRL) അടിയന്തര നടപടികള്‍ ശക്തമാക്കി. പദ്ധതിയുടെ ഭാഗമായി ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗങ്ങളില്‍ നടക്കുന്ന റോഡ് പുനഃസ്ഥാപന പ്രവൃത്തികള്‍ ജൂണ്‍ 6-നകം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡ് മുറിച്ചുനടത്തിയ ട്രഞ്ചിംഗ് (മണ്ണുമാറ്റല്‍) പ്രവൃത്തികള്‍ അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഇതിനു പിന്നാലെയാണ് റോഡ് പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നത്.
 
പ്രധാന ട്രാഫിക് ക്രമീകരണങ്ങളും കെ.എം.ആര്‍.എല്‍ നടപടികളും
 
റോഡ് പുനരുദ്ധാരണം വേഗത്തിലാക്കാന്‍ ട്രാഫിക് പൊലീസിന്റെ സഹകരണത്തോടെ തിരക്കുകുറഞ്ഞ സമയങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പാലാരിവട്ടം മേഖലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ആര്‍.ടി.ഒയും ട്രാഫിക് പൊലീസും പകല്‍സമയത്തും പ്രത്യേകമായി രംഗത്തുണ്ടാകും.
 
ബാരിക്കേഡുകള്‍ മാറ്റും
 
പൈലിംഗ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് റോഡിലെ ബാരിക്കേഡുകള്‍ ഒരു മീറ്റര്‍ വീതം പിന്നോട്ട് മാറ്റും. ഇത് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കൂടുതല്‍ വീതി ലഭ്യമാക്കും. ജെ.എല്‍.എന്‍ സ്റ്റേഡിയത്തിന് പിന്നിലെ സര്‍വീസ് റോഡില്‍ നിന്നും വസന്ത് നഗറിലേക്കുള്ള പാതയുടെ നവീകരണം വേഗത്തിലാക്കി. വസന്ത് നഗര്‍ നിവാസികള്‍ക്കായി ട്രാഫിക് പൊലീസുമായി ചേര്‍ന്ന് പുതിയ 'യു-ടേണ്‍' (U-Turn) സൗകര്യം ഒരുക്കുന്നുണ്ട്.കാലവര്‍ഷം കണക്കിലെടുത്ത് നിര്‍മാണ മേഖലകളില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക പമ്പിംഗ് സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
 
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും യാത്രാതടസ്സങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാനും കരാര്‍ കമ്പനിയായ അഫ്‌കോണ്‍സിനും (Afcons) ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കെ.എം.ആര്‍.എല്‍ കര്‍ശന നിര്‍ദേശം നല്‍കി. നഗരത്തിന്റെ ഭാവി ഗതാഗത വികസനത്തിന് അനിവാര്യമായ ഈ പദ്ധതിയുടെ ഭാഗമായുള്ള താത്കാലിക ബുദ്ധിമുട്ടുകളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് കെ.എം.ആര്‍.എല്‍ അഭ്യര്‍ത്ഥിച്ചു. പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ കൊച്ചിയിലെ യാത്രാസൗകര്യങ്ങളില്‍ വലിയ പുരോഗതിയുണ്ടാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഒന്നും നടക്കില്ല, കീഴടങ്ങുന്നതിന് തുല്യം, സമാധാന കരാർ തള്ളി ഹിസ്ബുള്ള, ഇറാൻ- യുഎസ് സമാധാന കരാറിന് തിരിച്ചടി