സതീശൻ പറഞ്ഞത് 'നുണ'; വകുപ്പിൽ കൈ കടത്തുന്നതിൽ സണ്ണി ജോസഫിന് കടുത്ത അതൃപ്തി
വി.ഡി.സതീശന്റെ ഒറ്റയാൾ ഭരണത്തിൽ യുഡിഎഫിൽ മുറുമുറുപ്പ് രൂക്ഷം. ജിഎൻഎ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വകുപ്പ് മന്ത്രി സണ്ണി ജോസഫ് കടുത്ത അതൃപ്തിയിലാണ്. മുഖ്യമന്ത്രി തന്നെയും തന്റെ വകുപ്പിനെയും പ്രതിരോധത്തിലാക്കിയെന്നാണ് സണ്ണിയുടെ പരാതി.
സതീശൻ പറഞ്ഞത് നുണ
ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങാതെ സ്വകാര്യ പ്ലാറ്റ്‌ഫോമായ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ ഇന്നലെ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് സംസ്ഥാനത്ത് 2,232 കോടി അധിക ബാധ്യതയുണ്ടാക്കുമെന്നാണ് സതീശൻ പറഞ്ഞത്. എന്നാൽ ഈ കണക്ക് വസ്തുതാവിരുദ്ധമാണ്.
ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോൾ 1,105.13 കോടി രൂപയാണ് ചെലവ് വരികയെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ആയിരുന്ന എം.ജി.രാജമാണിക്യം വൈദ്യുതി വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അധിക തുകയായ 14 രൂപ 50 പൈസയ്ക്ക് ഒരു യൂണിറ്റ് വാങ്ങിയാൽ പോലും ആകെ വരുന്നത് 1281.95 കോടി രൂപയാണ്. എന്നാൽ മുഖ്യമന്ത്രി അവകാശപ്പെടുന്നത് 2,232 കോടി രൂപ സർക്കാരിന് ബാധ്യതയാകുമെന്നാണ്. ഇത് നുണയാണെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു.
അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്
ജിഎൻഎ വൈദ്യുതി കരാറിനെ കുറിച്ച് വകുപ്പ് മന്ത്രിയായ തനിക്ക് കാര്യമായി അറിയില്ലെന്നാണ് സണ്ണി ജോസഫ് പറയുന്നത്. ഇത് മുഖ്യമന്ത്രിക്കെതിരായ പരോക്ഷ പ്രതികരണം കൂടിയാണ്. ' അത് മുഖ്യമന്ത്രിയുടെ തീരുമാനം ആയതുകൊണ്ട് ഞാൻ കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല. എനിക്ക് വ്യത്യസ്തമായ വേറെ അഭിപ്രായങ്ങളൊന്നും ഇല്ല,' എന്നാണ് മാധ്യമങ്ങളോട് സണ്ണി ജോസഫ് പ്രതികരിച്ചത്.
ജി.എൻ.എ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചകൾ മുഖ്യമന്ത്രിയാണ് നടത്തിയത്. വകുപ്പ് മന്ത്രിയെന്ന നിലയിൽ സണ്ണി ജോസഫിന്റെ അഭിപ്രായം ആരായുക പോലും ചെയ്തിരുന്നില്ല. കരാറുമായി മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി തീരുമാനമെടുത്ത ശേഷമാണ് വകുപ്പ് മന്ത്രി ഇക്കാര്യം അറിയുന്നത് തന്നെ. ഇതിൽ സണ്ണി ജോസഫിന് കടുത്ത അതൃപ്തിയുണ്ട്. വൈദ്യുതി വകുപ്പിൽ മുഖ്യമന്ത്രി അനാവശ്യമായി ഇടപെടുകയാണെന്ന് സണ്ണി ജോസഫ് ദേശീയ നേതൃത്വത്തോട് പരാതിപ്പെട്ടേക്കും. Also Read: സച്ചിൻ ക്ഷമിക്കണം, പരിമിത ഓവർ ക്രിക്കറ്റിൽ GOAT കോലി തന്നെ !
