സച്ചിൻ ക്ഷമിക്കണം, പരിമിത ഓവർ ക്രിക്കറ്റിൽ GOAT കോലി തന്നെ !
Virat Kohli and Sachin Tendulkar
18 ന്റെ ചെറുപ്പത്തിൽ 38 ലും കുതിക്കുന്ന ചെയ്‌സ് മെഷീന് ഇന്ന് പിറന്നാൾ ആണ്. ആരാധകർക്കുള്ള ജന്മദിന സമ്മാനം ഓക് ലൻഡിലെ ഈഡൻ പാർക്കിൽ ഒരുദിവസം മുൻപെ വിരാട് വിതരണം ചെയ്തു. ബാറ്റർമാരെ നിലയുറപ്പിക്കാൻ സമ്മതിക്കാത്ത പിച്ചിൽ 51 പന്തിൽ 74 റൺസ്...!
13 ഫോറുകളും ഒരു സിക്‌സും, സ്‌ട്രൈക് റേറ്റ് 145.10, കരിയറിന്റെ അവസാന ലാപ്പിലും ചെയ്‌സ് മാസ്റ്റർ തന്റെ ക്ലാസും മാസും ആവർത്തിക്കുകയാണ്. ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ഏകദിനത്തിൽ ബാറ്റുമായി ക്രീസിലെത്തിയത് 18 ബാറ്റർമാർ, അതിൽ വ്യക്തിഗത സ്‌കോർ 40 കടത്തിയത് ഇന്ന് 38-ാം ജന്മദിനം ആഘോഷിക്കുന്ന കോലി മാത്രം...! ഏത് പ്രതികൂല കാലാവസ്ഥയിലും റൺമല താണ്ടുകയാണ് അയാൾക്ക് അന്നും ഇന്നും ആഘോഷം...! 51 പന്തിൽ 13 ഫോറും ഒരു സിക്സും സഹിതം 74 റൺസാണ് കോലി അടിച്ചെടുത്തത്.
സ്ട്രൈക് റേറ്റിന്റെ കാര്യത്തിലും കോലി അതിശയിപ്പിച്ചു. ന്യൂസിലൻഡ് നിരയിൽ 23 പന്തിൽ 34 റൺസ് നേടിയ ബ്ലെയർ ടിക്ക്നർ മാത്രമാണ് 100 സ്ട്രൈക് റേറ്റ് കടന്നിട്ടുള്ളത്. 147.83 ആയിരുന്നു ടിക്ക്നറിന്റെ സ്ട്രൈക് റേറ്റ്. മറുവശത്ത് 30 ലേറെ പന്തുകൾ നേരിട്ട് സ്ട്രൈക് റേറ്റ് 100 കടത്തിയത് വിരാട് കോലി മാത്രമാണ്. ഇതിനിടെ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡും മറികടന്നു. രാജ്യാന്തര ഏകദിനത്തിലെ റൺചേസിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം. സച്ചിൻ 232 ഇന്നിങ്‌സുകളിൽ നിന്ന് നേടിയ 8,720 റൺസെന്ന റെക്കോർഡ് കോലി മറികടന്നത് തന്റെ 169-മത്തെ ഇന്നിങ്‌സിൽ..!
അവസാന 14 ഏകദിനങ്ങളിൽ നാല് സെഞ്ചുറി, ആറ് അർധ സെഞ്ചുറി, ശരാശരി 91.09 ! പരിമിത ഓവർ ക്രിക്കറ്റിൽ എക്കാലത്തെയും മികച്ചവൻ താനെന്ന് വീണ്ടും വീണ്ടും കണക്കിലും കളിയിലും ആവർത്തിക്കുന്ന കോലി ഷോ...! Also Read: ഇംപീച്ച്‌മെന്റിന് മുതിരുമോ ഡെമോക്രാറ്റുകൾ? ട്രംപിന്റെ 'ഇരവാദം' നടക്കില്ല
