കോൺഗ്രസിൽ പൊട്ടിത്തെറി; സതീശനെതിരെ വാർത്താസമ്മേളനം വിളിച്ച് യുഡിഎഫ് കൺവീനർ, നിർദേശം നൽകിയത് വേണുഗോപാൽ
VD Satheesan and Adoor Prakash
ഭരണത്തിലെത്തി നാല് മാസം പിന്നിടുമ്പോൾ യുഡിഎഫിൽ വൻ പൊട്ടിത്തെറി. മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ചു. യുഡിഎഫ് കൺവീനർ എന്ന നിലയിൽ താനുമായും മുന്നണി സംവിധാനവുമായും യാതൊരു കൂടിയാലോചനകളും ഇല്ലാതെയാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്ന് അടൂർ പ്രകാശ് ആഞ്ഞടിച്ചു.
സതീശനെതിരെ പടയൊരുക്കം
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയുണ്ടായെന്ന് കൺവീനർ തുറന്നുപറഞ്ഞു. പ്രതീക്ഷ പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും മുന്നണിക്കുള്ളിൽ നടന്നിട്ടില്ല. പവർകട്ടും ഹെലികോപ്റ്റർ യാത്രയും ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. മുന്നണിക്കുള്ളിൽ യാതൊരു ചർച്ചകളും ഇപ്പോൾ നടക്കുന്നില്ലെന്നും അടൂർ പ്രകാശ് ആരോപിച്ചു.
പലതും അറിയുന്നത് മാധ്യമങ്ങളിലൂടെ
ബോർഡ് നിയമനങ്ങൾ യുഡിഎഫിൽ ചർച്ച നടന്നിട്ടില്ല. പല കാര്യങ്ങളും യുഡിഎഫ് കൺവീനർ ആയ താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. അതൊരു വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഇക്കാര്യങ്ങളിലൂടെ പരാതി എഐസിസി നേതൃത്വത്തെ താൻ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
നിർദേശം നൽകിയത് വേണുഗോപാൽ
യുഡിഎഫ് കൺവീനർ അടിയന്തരമായി മാധ്യമങ്ങളെ കണ്ടത് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നിർദേശത്തെ തുടർന്ന്. രണ്ട് കാബിനറ്റ് പദവികൾ കൂടി മുസ്ലിം ലീഗിന് നൽകി. അത് കൺവീനർ അറിഞ്ഞില്ല. യുഡിഎഫ് മുന്നണിയിലും ചർച്ച നടന്നിട്ടില്ല. ഇത് ശരിയായ കാര്യമല്ലെന്നാണ് വേണുഗോപാലിന്റെ നിലപാട്. ഇതേ തുടർന്നാണ് യുഡിഎഫ് കൺവീനർ വാർത്താസമ്മേളനം വിളിച്ചത്.
അസാധാരണ പ്രതിസന്ധി
ഭരണത്തിലെത്തി വെറും നാല് മാസം പിന്നിടുമ്പോൾ ആണ് സംസ്ഥാനത്ത് ഇങ്ങനെയൊരു രാഷ്ട്രീയ പ്രതിസന്ധി. മുന്നണിയിലും കോൺഗ്രസ് പാർട്ടിക്കുള്ളിലും നേതാക്കൾ ഗ്രൂപ്പ് തിരിഞ്ഞ് പോരിലേക്ക് കടക്കുകയാണ്. സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയും സർക്കാർ ആശുപത്രികളിൽ മരുന്ന് പ്രതിസന്ധിയും നിലനിൽക്കുമ്പോൾ ആണ് പാർട്ടിയിലെയും മുന്നണിയിലെയും ചേരിപോര്. Also Read: 'ഇവർ മണ്ടൻമാർ ആണോ'; മൂന്ന് പേർ റൺഔട്ട്, അനായാസം ലങ്കയെ വീഴ്ത്തി, ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ !
