1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan By Election result 2026 UDF

'ജനങ്ങളിൽ വെറുപ്പ് തുടങ്ങി, ഭരണം മോശം'; സതീശനെതിരെ കോൺഗ്രസിൽ കലാപക്കൊടി

VD Satheesan By Election result 2026 UDF
VD Satheesan

മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ കോൺഗ്രസിൽ കലാപക്കൊടി ഉയരുന്നു. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി നേരിട്ടതോടെയാണ് സതീശനെതിരായ വികാരം മറനീക്കി പുറത്തുവരുന്നത്. അധികാരത്തിലെത്തി വെറും നാല് മാസംകൊണ്ട് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കം സതീശനെതിരെ വിമർശനം ഉന്നയിക്കുന്നത്. 
 
ന്യൂനപക്ഷങ്ങൾ അകലുന്നു 
 
മുസ്ലിം ലീഗിന് അപ്രമാദിത്തം ഉള്ള ഇടങ്ങളിൽ പോലും ഗണ്യമായി വോട്ട് കുറഞ്ഞത് സതീശൻ സർക്കാരിന്റെ സംഘപരിവാർ വിധേയത്വത്തിനോടുള്ള എതിർപ്പിനെ തുടർന്നാണ്. സർവകലാശാലകളിലെ സംഘിവത്കരണം, വന്ദേമാതരം പൂർണമായി ആലപിക്കൽ, പിഎം ശ്രീ, ലൈഫ് മിഷൻ വീടുകളിൽ കേന്ദ്ര സർക്കാർ എംബ്ലം പതിപ്പിക്കൽ, അമിത് ഷായ്‌ക്കെതിരായ പ്രതിഷേധങ്ങളിൽ മുഖ്യമന്ത്രി പ്രകടിപ്പിച്ച അതൃപ്തി തുടങ്ങിയ കാര്യങ്ങളെല്ലാം ന്യൂനപക്ഷത്തെ യുഡിഎഫിൽ നിന്ന് അകറ്റുകയാണെന്ന് വിമർശനമുണ്ട്. 
 
യുഡിഎഫിന്റെ നഷ്ടം 
 
മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കുമുൾപ്പെടെ 38 ഇടത്തേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിൽ 22 സീറ്റുകൾ കൈവശമുണ്ടായിരുന്ന യുഡിഎഫിന് മൂന്ന് സീറ്റുകൾ നഷ്ടപ്പെട്ട് 19 ആയി കുറഞ്ഞപ്പോൾ, 15 സീറ്റ് കൈവശമുണ്ടായിരുന്ന എൽഡിഎഫ് 18 ലേക്ക് സീറ്റുകൾ ഉയർത്തുകയാണുണ്ടായത്. ബിജെപിക്ക് ഒരു സീറ്റ് പോലും വിജയിക്കാനായില്ല. യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് സീറ്റ് പിടിച്ചെടുക്കുവാനും തിരുവനന്തപുരം കല്ലറ ഡിവിഷനിൽ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കുവാനും, ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായ പാലക്കാട് പല്ലശ്ശനയിൽ ഭൂരിപക്ഷം വർദ്ധിപ്പിക്കുവാനും കഴിഞ്ഞു. ചിറയിൻകീഴ് അഞ്ചുതെങ്ങ് ബ്ലോക്ക് പഞ്ചായത്ത് സീറ്റ് യുഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം ഭൂരിപക്ഷം താഴ്ത്തുകയും ചെയ്തു. 
 
വോട്ടിലും എൽഡിഎഫ് മുന്നിൽ 
 
ആകെ 1,81,862 വോട്ടുകൾ പോൾ ചെയ്ത ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 85,103 വോട്ടുകളും ( 46.8%) യുഡിഎഫിന് 73,627 വോട്ടുകളുമാണ് ( 40.49%) ലഭിച്ചത്. ബിജെപിക്ക് 22,114 വോട്ടുകൾ (12.16%) ലഭിച്ചു. എൽഡിഎഫിന് യുഡിഎഫിനേക്കാൾ 6.31 % വോട്ട് കൂടുതൽ.
 
ഭരണം മോശം 
 
സതീശൻ സർക്കാരിന്റെ ഭരണം മോശമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കം എഐസിസി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പവർകട്ട്, സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം, ക്ഷേമ പെൻഷൻ ബാങ്കുകളിലേക്ക് മാത്രമാക്കിയത്, സ്ത്രീ സുരക്ഷ പെൻഷൻ നിർത്തലാക്കിയത്, സംഘപരിവാർ വിധേയത്വം എന്നിവയാണ് സതീശൻ സർക്കാരിനെതിരായ ജനവികാരത്തിനു പ്രധാന കാരണമെന്നാണ് കോൺഗ്രസിലെ വിലയിരുത്തൽ. Also Read: സമ്മർദ്ദഘട്ടത്തിലാണ് കോലി കൂടുതൽ തിളങ്ങുക, 100 സെഞ്ചുറികൾ പൂർത്തിയാക്കാൻ അവനാകും: രഹാനെ
അടുത്ത ലേഖനം
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിനോടുള്ള എതിര്‍പ്പ് റെക്കോര്‍ഡ് നിലയിലെന്ന് നിരീക്ഷകര്‍