'പോകും, പോയിക്കൊണ്ടേയിരിക്കും'; പവർകട്ട് ഒന്നിലേറെ തവണയുണ്ടാകുമെന്ന സൂചന നൽകി വൈദ്യുതിമന്ത്രി
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാൽ പവർകട്ട് തുടരേണ്ടിവരുമെന്ന നിലപാടിൽ സർക്കാർ. ജനങ്ങൾ ഇനിയും സഹകരിക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി നിയന്ത്രിക്കാൻ തന്റെ കൈയിൽ അത്ഭുതപ്രവർത്തികളൊന്നും ഇല്ല. സ്വിച്ചിടുന്ന പോലെ പെട്ടന്ന് പരിഹരിക്കാവുന്ന വിഷയമല്ല ഇപ്പോൾ. ഒന്നിലേറെ തവണ പവർകട്ട് വേണ്ട സാഹചര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ചൂട് കൂടുതലാണ്. മഴ കുറഞ്ഞു. ചൂട് കൂടുമ്പോൾ വൈദ്യുതി ഉപഭോഗവും വർധിക്കും. അതിനാൽ പീക്ക് സമയം ഉയർത്തേണ്ടിവരും. എസിയുടെ ഉപയോഗവും വൈദ്യുതി വാഹനങ്ങളുടെ ചാർജിങ്ങും രാത്രിയിൽ വർധിച്ചത് പ്രതിസന്ധി വർധിപ്പിച്ചെന്നും സണ്ണി ജോസഫ് പറയുന്നു.
വൈകിട്ട് 6.30 മുതൽ രാത്രി ഒരു മണിവരെയുള്ള സമയത്ത് ഒരു മണിക്കൂർ വരെ ഇപ്പോൾ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. ഇത് തുടരുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.