ധർമ്മടത്ത് പിണറായി തന്നെ, എം.വി.ഗോവിന്ദനും എ.വിജയരാഘവനും മത്സരിക്കില്ല
ജില്ലാ സെക്രട്ടറിമാർ മത്സരിക്കില്ലെന്നും ഗോവിന്ദൻ മാഷ് വ്യക്തമാക്കി
നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിറ്റ് ബ്യൂറോയിൽ നിന്ന് പിണറായി വിജയൻ മാത്രമേ മത്സരിക്കൂവെന്ന സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടി സെക്രട്ടറിയായതിനാൽ എം.വി.ഗോവിന്ദൻ മത്സരിക്കില്ല. മറ്റൊരു പോളിറ്റ് ബ്യൂറോ അംഗമായ എ.വിജയരാഘവനും നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമായി.
ഉറപ്പായും ജയിക്കുന്ന മണ്ഡലങ്ങളിൽ രണ്ട് ടേം നിബന്ധന പാലിക്കും. അല്ലാത്ത മണ്ഡലങ്ങളിൽ ജയിക്കാൻ വേണ്ട സാഹചര്യം നോക്കി തീരുമാനിക്കും. മുഖ്യമന്ത്രി മത്സരിക്കുമെന്ന് പിബി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പോളിറ്റ് ബ്യൂറോയിൽ നിന്ന് ഒരാൾ മാത്രമേ മത്സരിക്കുന്നുള്ളൂ - ഗോവിന്ദൻ പറഞ്ഞു.
ജില്ലാ സെക്രട്ടറിമാർ മത്സരിക്കില്ലെന്നും ഗോവിന്ദൻ മാഷ് വ്യക്തമാക്കി. ജില്ലാ സെക്രട്ടറികൾ സ്ഥാനാർഥികളാകുകയാണെങ്കിൽ താൽക്കാലിക സെക്രട്ടറിമാരെ നിയോഗിക്കാനാണ് സിപിഎം തീരുമാനം.
ആരോഗ്യമന്ത്രി വീണ ജോർജ്ജിനെതിരായ കോൺഗ്രസ് അക്രമങ്ങളെ സംസ്ഥാന സെക്രട്ടറി അപലപിച്ചു. മന്ത്രിക്കെതിരെ സംഘടിത ആക്രമണമാണ് നടക്കുന്നത്. കേരളത്തിലെ ചില മാധ്യമങ്ങളിൽ വീണയ്‌ക്കെതിരെ വാർത്ത ചമയ്ക്കാൻ പ്രത്യേക സംഘങ്ങൾ തന്നെയുണ്ടെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.