1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Study finds increase in arthritis among Chikungunya patients

ചിക്കുന്‍ഗുനിയ രോഗികളില്‍ സന്ധിവാതം വര്‍ധിക്കുന്നതായി പഠനം

mosquito
കോഴിക്കോട്: ചിക്കുന്‍ഗുനിയ ബാധിച്ചവരില്‍ റൂമറ്റോയിഡ് ആര്‍ത്രൈറ്റിസ് ഉള്‍പ്പെടെയുള്ള സന്ധിവാത രോഗങ്ങള്‍ വര്‍ധിച്ചതായി  പഠന റിപോര്‍ട്ട്. പൂനെയിലെ 'സെന്റര്‍ ഫോര്‍ റൂമാറ്റിക് ഡിസീസസ്' ഡയറക്ടറും ചീഫ് റൂമറ്റോളജിസ്റ്റുമായ ഡോ. അരവിന്ദ് ചോപ്രയാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. അസ്മ റഹീം, തിരുവനന്തപുരത്തുനിന്നുള്ള പ്രൊഫ. ബിനയ് പോള്‍, ഡോ. ആശിഷ് മാത്യൂസ് എന്നിവരും ഈ പഠനത്തില്‍ പങ്കാളികളായിരുന്നു.
 
കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ നടത്തിയ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് 'ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് റൂമാറ്റിക് ഡിസീസസി'ല്‍ പ്രസിദ്ധീകരിച്ചു. ചിക്കുന്‍ഗുനിയ വ്യാപകമായിരുന്ന 2006-2008 കാലയളവിലാണ് ആദ്യ സര്‍വേ നടത്തിയത്. പഠനത്തിന്റെ രണ്ടാം ഘട്ടം 10 വര്‍ഷത്തിന് ശേഷമാണ് നടത്തിയത്. മുമ്പ് സന്ധിവാതം (arthritis) ഇല്ലാതിരുന്നവരിലും ചിക്കുന്‍ഗുനിയ ബാധയെത്തുടര്‍ന്ന് ഈ രോഗം ഉണ്ടാകാമെന്ന് പഠനം കണ്ടെത്തി. നിലവില്‍ സന്ധിസംബന്ധമായ രോഗങ്ങളുള്ളവരില്‍ രോഗാവസ്ഥ കൂടുതല്‍ വഷളായതായും കണ്ടു. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമുള്ളവരിലാണ് ഇത്തരം ബുദ്ധിമുട്ടുകള്‍ കൂടുതല്‍ പ്രകടമായി കണ്ടത്. 
 
ചിക്കുന്‍ഗുനിയയെത്തുടര്‍ന്ന് സന്ധിവാതം ബാധിച്ചവരില്‍ ചിലര്‍ കാലക്രമേണ രോഗമുക്തി നേടുകയും പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചെത്തുകയും ചെയ്തതായും പഠനത്തിന്റെ രണ്ടാം ഘട്ടത്തില്‍ കണ്ടെത്തി. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ കടുത്ത പേശീവേദനയോടെ രോഗം മൂര്‍ച്ഛിക്കാറുണ്ട്. പ്രായമായവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ജീവിതശൈലീ രോഗങ്ങളെപ്പോലെ തന്നെ റുമാറ്റിക് രോഗങ്ങളും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചില രോഗികളില്‍ സങ്കീര്‍ണതകള്‍ക്ക് കാരണമാവുകയും ചെയ്‌തേക്കാം.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
2026ലെ ദേശീയ ഇ-ഗവേണന്‍സ് പുരസ്‌കാരങ്ങളില്‍ കേരള ഹൈക്കോടതിക്ക് സ്വര്‍ണ്ണനേട്ടം