ജീവനക്കാരെ പ്രതികാര ബുദ്ധിയോടെ സ്ഥലം മാറ്റി; സഭയിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം
അടിയന്തരപ്രമേയത്തിനു പ്രതിപക്ഷം നോട്ടീസ് നൽകിയെങ്കിലും അനുമതി നിഷേധിച്ചു
ഭരണമാറ്റത്തിനു പിന്നാലെ ചട്ടങ്ങൾ ലംഘിച്ചു സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷം സഭയിൽ. പ്രതികാര ബുദ്ധിയോടെയുള്ള സ്ഥലംമാറ്റം ന്യായീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
അടിയന്തരപ്രമേയത്തിനു പ്രതിപക്ഷം നോട്ടീസ് നൽകിയെങ്കിലും അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. വി.ജോയിയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. ഭരണസൗകര്യത്തിനു വേണ്ടിയുള്ള സ്വാഭാവിക സ്ഥലം മാറ്റങ്ങളാണു നടക്കുന്നതെന്നും പരാതികൾ അനുഭാവപൂർവം പരിഗണിക്കുമെന്നും മന്ത്രി സണ്ണി ജോസഫ് നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചത്.
മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പ്രതികാരബുദ്ധിയോടെയാണ് സ്ഥലം മാറ്റങ്ങൾ എന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഗുരുതരമായ രോഗം ബാധിച്ചവരെയും ചികിത്സയിൽ കഴിയുന്നവരെയും വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളവരെയും തിരഞ്ഞുപിടിച്ചാണ് തലങ്ങും വിലങ്ങും മനുഷ്യത്വരഹിതമായി സ്ഥലം മാറ്റിയിരിക്കുയാണ്. അന്യായമായ സ്ഥലംമാറ്റങ്ങൾ ഉടൻ റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് സർക്കാരിനോടു ആവശ്യപ്പെട്ടു.