കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകള്‍ക്ക് ആറുവരിപ്പാതയില്‍ സര്‍വീസ് നടത്താനാവില്ല; പുതിയ നിയമവുമായി എംവിഡി
തിരുവനന്തപുരം: പൂര്‍ത്തിയായ ആറുവരി ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ബസുകള്‍ ഓടുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് വിലക്കേര്‍പ്പെടുത്തി. ആറുവരിപ്പാതയില്‍ നിയമങ്ങള്‍ ലംഘിച്ച് ബസ് ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ബസുകള്‍ ഇതിനായി സര്‍വീസ് റോഡുകളാണ് ഉപയോഗിക്കേണ്ടത്.
ഈ നിര്‍ദ്ദേശം ലംഘിച്ച് ദേശീയപാതയില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. ആറുവരി ദേശീയപാതകളില്‍ ഒരിടത്തും വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല എന്നതാണ് വ്യവസ്ഥ. സര്‍വീസ് റോഡുകളിലാണ് സ്റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്. സര്‍വീസ് റോഡുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രമേ ദേശീയപാതയിലേക്ക് പ്രവേശനം അനുവദിക്കൂ. അതും ഒരു താല്‍ക്കാലിക ക്രമീകരണം മാത്രമാണ്.
ചില ബസ് ഡ്രൈവര്‍മാര്‍ ആറ് വരി പാതയില്‍ വാഹനം ഓടിക്കുകയും യാത്രക്കാരെ റോഡില്‍ തന്നെ ഇറക്കിവിടുകയും ചെയ്തത് ഹൈവേയില്‍ നിന്ന് പുറത്തുകടക്കാന്‍ അവര്‍ക്ക് കിലോമീറ്ററുകളോളം നടക്കേണ്ട അവസ്ഥയുണ്ടാക്കി. തെറ്റായ ദിശയില്‍ സഞ്ചരിക്കുന്നതും റോഡില്‍ വാഹനം റിവേഴ്‌സ് ചെയ്യുന്നതും സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നു. അമിതവേഗത അപകടങ്ങള്‍ക്കും കാരണമായി.