1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Man arrested for throwing stones at Vande Bharat

പ്രണയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞു; യുവാവ് അറസ്റ്റില്‍

Vande Bharath
കൊച്ചി: വന്ദേ ഭാരത് എക്‌സ്പ്രസിനു നേരെ കല്ലെറിഞ്ഞ കേസില്‍ 19കാരനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പാറക്കടവ് സ്വദേശി സുജിത് സുരേഷാണ് അറസ്റ്റിലായത്. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത്. മാര്‍ച്ച് 7 ന് രാവിലെ 7.15 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള അകപ്പറമ്പ് റെയില്‍വേ ഗേറ്റിന് സമീപമാണ് സംഭവം.
 
തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെ മൂന്ന് തവണ ഇയാള്‍ കല്ലെറിഞ്ഞു. ആക്രമണത്തില്‍ ട്രെയിനിന്റെ ചില്ല് തകര്‍ന്നു. പ്രണയ പരാജയത്തെ തുടര്‍ന്ന് കല്ലെറിഞ്ഞതായി സുജിത്ത് പോലീസിനോട് പറഞ്ഞു. റെയില്‍വേ ആക്ടിലെ സെക്ഷന്‍ 153 പ്രകാരം പ്രതിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ട്. 
 
ആര്‍പിഎഫ് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ മുഹമ്മദ് ഹനീഫിന്റെ മേല്‍നോട്ടത്തില്‍ ആലുവ ഇന്‍സ്‌പെക്ടര്‍ എ പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ എസ് മണികണ്ഠന്‍, വി എ ജോര്‍ജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പോലീസ് പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവുകള്‍ ശേഖരിച്ചു.
അടുത്ത ലേഖനം
വെള്ളാപ്പള്ളി നടേശന്റെ അപ്പീല്‍: എസ്എന്‍ഡിപി ബോര്‍ഡ് നിയമനങ്ങളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി