ഹിസ്ബുള്ള സ്വന്തം സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നു: ലെബനനില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നെതന്യാഹു
സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രായേലി സൈനികരെ ഹിസ്ബുള്ള ആക്രമിച്ചതായും മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. 'ഹിസ്ബുള്ള ആക്രമണത്തില്‍ നമ്മുടെ മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന് ഉത്തരവിട്ട ഹിസ്ബുള്ള ഭീകര ആസ്ഥാനം ഐഡിഎഫ് ആക്രമിച്ചുകൊണ്ടാണ് പ്രതികരിച്ചത്'- പോസ്റ്റില്‍ പറയുന്നു.
ഹിസ്ബുള്ള ആസ്ഥാനത്ത്' സിവിലിയന്മാര്‍ ഉണ്ടായിരുന്നതായി ഐഡിഎഫ് പിന്നീടാണ് അറിഞ്ഞതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. 'സ്വന്തം സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നത് ഉള്‍പ്പെടെ എന്തും ചെയ്യാന്‍ ഹിസ്ബുള്ള തയ്യാറാണ്, ഇസ്രായേല്‍ മനഃപൂര്‍വ്വം സിവിലിയന്മാരെ ലക്ഷ്യം വച്ചുവെന്ന് വ്യാജമായി ആരോപിക്കുന്നു, എന്നാല്‍ ഐഡിഎഫ് അത് ചെയ്തില്ല' -നെതന്യാഹു പറഞ്ഞു.
തെക്കന്‍ ലെബനനില്‍ നടന്ന ഇസ്രായേലി ആക്രമണങ്ങളില്‍ കുറഞ്ഞത് 11 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ളയുടെ ആക്രമണങ്ങളില്‍ തങ്ങളുടെ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞതിന് ശേഷമാണ് ആക്രമണം നടന്നത്.
നബതിയേഹ് ജില്ലയിലെ അന്‍സാറിനെയും ദേര്‍ എസ്-സഹ്‌റാനിയെയും ലക്ഷ്യമിട്ട് പുലര്‍ച്ചെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. അന്‍സാറില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ദേര്‍ എസ്-സഹ്‌റാനിയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. നബാത്തിഹിന് വടക്കുള്ള ദെയ്ര് എസ്-സഹ്‌റാനിയില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.