സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, 15- 30 മിനിറ്റ് വരെ കറൻ്റ് പോകും, എസ് എം എസ് വഴി മുൻകൂട്ടി അറിയിക്കും
പീക് അവറിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. കടുത്ത വേനലിനെ തുടര്‍ന്ന് വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് 15- 30 മിനിറ്റ് വരെയാണ് വൈദ്യുതി നിയന്ത്രണം. പീക്ക് ലോഡ് മാനേജ്‌മെന്റ് എന്ന പേരിലാണ് നിയന്ത്രണം നടപ്പാക്കുക. വൈദ്യുത നിയന്ത്രണം എസ്എംഎസ് വഴി മുന്‍കൂട്ടി അറിയിക്കും. പീക് അവറിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.
കണക്കാക്കിയതിനും അപ്പുറമുള്ള വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുള്ളതെന്ന് കെഎസ്ഇബി പറയുന്നു. കടുത്ത വേനലും വൈദ്യുതവാഹനങ്ങളുടെ അടക്കം ഉപയോഗം വര്‍ധിച്ചതും അതിനൊപ്പം ഗ്യാസ് ലഭ്യതകുറവ് മൂലം ആളുകള്‍ കറന്റ് അടുപ്പിനെ ആശ്രയിക്കുന്നതെല്ലാമാണ് സംസ്ഥാനത്തെ വൈദ്യുതിയുടെ ഉപയോഗത്തെ കുത്തനെ ഉയര്‍ത്തിയത്. വൈദ്യുതി ആവശ്യകത ഉയര്‍ന്നതോടെ പ്രസരണ വിതരണ ശൃംഖല ഉള്‍പ്പടെ സമ്മര്‍ദ്ദത്തിലാണ്. ഈ താത്കാലിക പ്രതിസന്ധി തരണം ചെയ്യാന്‍ വൈകുന്നേരം 6നും രാത്രി 11നും ഇടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാനാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്.
പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീന്‍, എ സി തുടങ്ങിയവയുടെ ഉപയോഗം ഈ സമയത്ത് പരമാവധി ഒഴിവാക്കാനും എ സി താപനില 24-26ല്‍ ക്രമീകരിച്ച് അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റും ഓഫ് ചെയ്യാനും സാധിച്ചാല്‍ നിലവിലെ പ്രതിസന്ധി ഒഴിവാക്കാമെന്നും കെഎസ്ഇബി പറയുന്നു.