Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
ഇത്തവണ കാലവർഷം കേരളത്തിൽ മെയ് 26 ഓടെ എത്താൻ സാധ്യത
Kerala Weather: തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) തെക്കുകിഴക്കൻ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും, തെക്കുപടിഞ്ഞാറൻ - തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും, നിക്കോബാർ ദ്വീപുകളിലുടനീളവും, ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ) ഉൾപ്പെടെയുള്ള ആൻഡമാൻ ദ്വീപുകളുടെ ചില ഭാഗങ്ങളിലും ഇന്ന് എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഇത്തവണ കാലവർഷം കേരളത്തിൽ മെയ് 26 ഓടെ എത്താൻ സാധ്യത (4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം). തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം (Low Pressure Area) നിലനിൽക്കുന്നു.
മെയ് 16 മുതൽ 18 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത അതോടൊപ്പം ഇടിമിന്നൽ, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ള യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.