Kerala Weather: അഞ്ച് ദിവസം വ്യാപക മഴ, ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
കിഴക്കൻ അറബിക്കടലിനും സമീപ കൊങ്കൺ തീരത്തിനും മുകളായിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു
Kerala Weather: അതിതീവ്ര ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്കു സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.
കിഴക്കൻ അറബിക്കടലിനും സമീപ കൊങ്കൺ തീരത്തിനും മുകളായിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തിൽ ജൂലൈ 31 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
പശ്ചിമ ബംഗാൾ തീരം, ഒഡിഷ തീരം, വടക്കൻ ആന്ധ്രപ്രദേശ് തീരം, ബംഗ്ലാദേശ് തീരം, അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ആൻഡമാൻ കടൽ, മ്യാന്മാർ തീരങ്ങൾ അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.