1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KC Venugopal Group Leaders Moving against VD Satheesan

Exclusive: സതീശനെതിരെ നീങ്ങാൻ 'ഉന്നതങ്ങളിൽ' നിന്ന് പച്ചക്കൊടി; മുരളീധരന്റേത് വെറും സംശയമല്ല, വരും ദിനങ്ങൾ കഠിനം

VD Satheesan, Adoor Prakash, KC Venugopal, Adoor Prakash, Congress, VD Satheesan Adoor Prakash, KC Venugopal
VD Satheesan and Adoor Prakash

Exclusive: കോൺഗ്രസിൽ വി.ഡി.സതീശനെതിരായ നീക്കങ്ങൾക്ക് എഐസിസി നേതൃത്വത്തിന്റെ 'പച്ചക്കൊടി'. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് സതീശനെതിരെ വീണ്ടും പരസ്യ വിമർശനം ഉന്നയിച്ചത് കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ ചില 'ഉന്നതരുടെ' അനുവാദത്തോടെയാണ്. 
 
വിടാതെ അടൂർ 
 
കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ചാണ് യുഡിഎഫ് കൺവീനർ ആയ അടൂർ പ്രകാശ് മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ വിമർശനം ഉന്നയിച്ചത്. സർക്കാരിന്റെ ഭാഗമായുള്ള പല തീരുമാനങ്ങളും മുന്നണി നേതൃത്വം അറിയുന്നില്ല എന്നതായിരുന്നു പ്രധാന പരാതി. പിന്നീട് മാധ്യമങ്ങൾക്ക് മുന്നിലും ഈ വിമർശനം അടൂർ പ്രകാശ് ആവർത്തിച്ചു. അതിനുശേഷമാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിൽകണ്ട് സതീശനെതിരായ പരാതി നൽകിയത്. അതുകൊണ്ടൊന്നും അടൂർ പ്രകാശ് നിർത്തിയില്ല. ഇപ്പോൾ അതേ വിമർശനങ്ങൾ പരസ്യമായി ആവർത്തിച്ചിരിക്കുന്നു. കെ.സുധാകരനെ ഒറ്റപ്പെടുത്തി കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുകച്ചു പുറത്താക്കുകയായിരുന്നുവെന്നും തനിക്കെതിരെയും അത്തരം നീക്കം നടക്കുന്നുവെന്നും അടൂർ പ്രകാശ് ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിദേശ യാത്രയെ കുറിച്ച് കൃത്യമായി കാര്യങ്ങൾ പങ്കുവയ്ക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും യുഡിഎഫ് കൺവീനർ ആവർത്തിക്കുമ്പോൾ അത് പാർട്ടിക്കുള്ളിൽ ചേരിതിരിവ് പരസ്യമാക്കുന്നു. സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങൾ യുഡിഎഫ് കൺവീനർ അറിയണം. എന്നാൽ ഇപ്പോൾ പല തീരുമാനങ്ങളും താൻ അറിയുന്നില്ല. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ തന്നെ മോശക്കാരനാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അടൂർ പ്രകാശ് പറയുന്നു. 
 
'ഉന്നതർ' പച്ചക്കൊടി കാണിച്ചു 
 
സംസ്ഥാനത്തെ കോൺഗ്രസിനുള്ളിൽ സതീശനെതിരായ വലിയ വികാരം നിലനിൽക്കുന്നുണ്ട്. മുന്നണിയിലോ പാർട്ടിയിലോ വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് സതീശൻ പല തീരുമാനങ്ങളുമെടുക്കുന്നതെന്ന വിമർശനം പല മുതിർന്ന നേതാക്കൾക്കുമുണ്ട്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളായ കെ.സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബെന്നി ബെഹ്നാൻ, മന്ത്രി കൂടിയായ എം.ലിജു തുടങ്ങിയവർക്കെല്ലാം സതീശനോട് എതിർപ്പുണ്ട്. അതിനൊപ്പം ദേശീയ നേതൃത്വത്തിലെ ഉന്നതരായ നേതാക്കളുടെ പിന്തുണയും സതീശൻ വിരുദ്ധ പക്ഷത്തിനുണ്ട്. 
 
വേണുഗോപാൽ പ്രധാനി 
 
എഐസിസി ജനറൽ സെക്രട്ടറിയായ കെ.സി.വേണുഗോപാൽ പക്ഷമാണ് സതീശനെതിരായ നീക്കങ്ങൾക്ക് ചരടുവലിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ വേണുഗോപാലിന് അതൃപ്തിയുണ്ട്. എംഎൽഎമാരുടെ പിന്തുണ കൂടുതൽ തനിക്കായിട്ടും സതീശന്റെ സമ്മർദ്ദത്തിനു ദേശീയ നേതൃത്വം വഴങ്ങുകയായിരുന്നു. ഇതിനു പിന്നാലെയാണ് സതീശനെതിരായ നീക്കങ്ങൾ വേണുഗോപാലും സംഘവും ശക്തമാക്കിയത്. വേണുഗോപാലിനൊപ്പം കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുൻഷിയും അടൂർ പ്രകാശിനെ പിന്തുണയ്ക്കുന്നുണ്ട്. ഉന്നതങ്ങളിൽ നിന്നുള്ള പിന്തുണയുടെ പുറത്താണ് അടൂർ പ്രകാശ് മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ ആവർത്തിക്കുന്നത്. 
 
പിന്നിൽ ആളുണ്ടെന്ന് സതീശൻ പക്ഷം 
 
അടൂർ പ്രകാശ് വിമർശനങ്ങൾ ആവർത്തിക്കുന്നത് മറ്റാരുടെയോ പിന്തുണയോടെയാണെന്ന സംശയം സതീശൻ പക്ഷത്തിനുണ്ട്. അത് കെ.സി.വേണുഗോപാൽ തന്നെയാണെന്നാണ് സതീശൻ അടക്കം വിശ്വസിക്കുന്നത്. അടൂരിന്റെ പിന്നിൽ ആരോ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് സതീശൻ പക്ഷത്തുള്ള മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.മുരളീധരൻ പറഞ്ഞത്. 'നേതാക്കൾ പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുത്. പരിധിവിട്ട് ഒന്നും പരസ്യമായി പറയരുത്,' എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് ശക്തമെന്നാണ് കെപിസിസി അധ്യക്ഷന്റെ ഇന്നത്തെ വാർത്താസമ്മേളനത്തിൽ നിന്നും വ്യക്തമാകുന്നത്. Also Read: ധനുഷിന്റെ പാട്ടാണെന്ന് കരുതിയോ? 'സിയ എൻട്രി'യിൽ 'വീഴാ വീരാ' ഫയർ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അമേരിക്ക ഭാവിയിൽ ശത്രുവായേക്കാം, ഇന്ത്യ അങ്ങനെയല്ല: ചേർത്തുപിടിച്ച് നെതന്യാഹു, ഉദ്ദേശമെന്ത്?