Exclusive: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാമെന്നു മുരളീധരന്‍; 'പക്ഷേ തോറ്റാല്‍..' കോണ്‍ഗ്രസ് നേതൃത്വത്തോടു ഉപാധി !
എല്‍ഡിഎഫിനായി വി.കെ.പ്രശാന്ത് എംഎല്‍എ തന്നെയാണ് വീണ്ടും മത്സരിക്കുന്നത്
Exclusive: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ കെ.മുരളീധരന്‍ സമ്മതം അറിയിച്ചു. കൂടുതല്‍ സുരക്ഷിതമായ മണ്ഡലം വേണമെന്ന് വാശിപിടിച്ചിരുന്ന മുരളീധരന്‍ ചില ഉപാധികളോടെയാണ് വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെന്ന് അറിയിച്ചത്.
എല്‍ഡിഎഫിനായി വി.കെ.പ്രശാന്ത് എംഎല്‍എ തന്നെയാണ് വീണ്ടും മത്സരിക്കുന്നത്. വികസനം, ജനപ്രീതി എന്നിവയില്‍ പ്രശാന്ത് വളരെ മുന്നിലായതിനാല്‍ വട്ടിയൂര്‍ക്കാവ് സുരക്ഷിതമല്ലെന്നാണ് മുരളീധരന്‍ കരുതുന്നത്. അതുകൊണ്ടാണ് തുടക്കത്തില്‍ വട്ടിയൂര്‍ക്കാവ് ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നത്. അതേസമയം തോറ്റാല്‍ സംസ്ഥാന നേതൃത്വത്തില്‍ അര്‍ഹമായ പരിഗണന ലഭിക്കണമെന്ന ഉപാധിയോടെയാണ് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ മുരളീധരന്‍ സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ തോറ്റ മുരളീധരനു താന്‍ പാര്‍ട്ടിക്കു വേണ്ടി ബലിയാടാകുകയാണെന്ന പരാതിയുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടി തോറ്റാല്‍ രാഷ്ട്രീയമായി മുരളീധരനു വലിയ തിരിച്ചടിയാകും. അതുകൊണ്ടാണ് സുരക്ഷിത മണ്ഡലത്തിനായി വാശിപിടിച്ചത്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന പക്ഷം അര്‍ഹമായ പരിഗണന ലഭിക്കുകയാണെങ്കില്‍ ഏത് സീറ്റിലും നില്‍ക്കാമെന്ന തീരുമാനത്തിലേക്ക് അവസാനം മുരളീധരന്‍ എത്തുകയായിരുന്നു.
മുരളീധരന്റെ പഴയ തട്ടകമാണ് വട്ടിയൂര്‍ക്കാവ്. 2019 ല്‍ മുരളീധരന്‍ വടകര ലോക്‌സഭാ മണ്ഡലത്തിലേക്ക് പോയതോടെയാണ് വട്ടിയൂര്‍ക്കാവ് യുഡിഎഫിനു നഷ്ടമായത്. ഉപതിരഞ്ഞെടുപ്പില്‍ വി.കെ.പ്രശാന്ത് വട്ടിയൂര്‍ക്കാവ് പിടിച്ചെടുത്തു. 2021 ല്‍ പ്രശാന്ത് ജയം ആവര്‍ത്തിച്ചു. 2011 ല്‍ കെ മുരളീധരനു 16,167 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നു. 2016 ല്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ മുരളീധരന്‍ ജയിച്ചുകയറിയത് 7,622 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. എന്നാല്‍ 2016 ല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍ഡിഎഫ് 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ വി.കെ.പ്രശാന്തിലൂടെ മണ്ഡലം പിടിച്ചടക്കി, ഭൂരിപക്ഷം 14,465 ! 2021 ലേക്ക് എത്തിയപ്പോള്‍ പ്രശാന്തിന്റെ ഭൂരിപക്ഷം 21,515 ആയി ഉയര്‍ന്നു.