1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. global ayyappa samgamam Huge irregularities in fund expenses

ആഗോള അയ്യപ്പ സംഗമത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍, നടക്കാത്ത നന്ദഗോവിന്ദം ഭജന്‍സിന് 8 ലക്ഷത്തിന്റെ ബില്‍

ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പേരാണ് കാണിച്ചിരിക്കുന്നത്.

Sabarimala
പമ്പയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ അയ്യപ്പ സംഗമത്തിന്റെ ചെലവുകണക്കുകളില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ട്. ചെലവുകള്‍ സംബന്ധിച്ച വിവരങ്ങളില്‍ ഗുരുതരമായ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ 8 ലക്ഷം ബില്ലില്‍ കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ ആ ദിവസം നന്ദഗോവിന്ദം ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണിക്കുക പോലും ചെയ്തിട്ടില്ല. സംഗമം നടന്ന ദിവസം രാവിലെ ഭക്തിഗാന സദസ്സാണ് നടന്നത്.
 
ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പേരാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ പമ്പയിലോ സന്നിധാനത്തോ ഇന്നുവരെ പരിപാടികള്‍ അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജന്‍സ് വ്യക്തമാക്കി. ഇഷാന്‍ ദേവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അയ്യപ്പ സംഗമത്തിന് ഭക്തിഗാന സദസ് അവതരിപ്പിച്ചത്. ഇവര്‍ക്ക് എത്ര രൂപ നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.
 
 
ഇതുകൂടാതെ, മൊത്തം ചെലവ് 10.99 കോടി രൂപയായി കണക്കാക്കിയിട്ടുണ്ടെങ്കിലും വിവിധ ഇനങ്ങളില്‍ വിശദമായ രേഖകള്‍ ലഭ്യമല്ലെന്നാണ് കണ്ടെത്തല്‍.പരിപാടിയുടെ ഭാഗമായി നടന്ന ഭക്തിഗാന പരിപാടികളില്‍ വിജയ് യേശുദാസ്,വീരമണി രാജു,സുദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കായി ചെലവഴിച്ച തുക സംബന്ധിച്ച കണക്കുകളില്‍ വ്യക്തതയില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
 
കൂടാതെ, ടാക്‌സി ചെലവിനായി 10.57 ലക്ഷം രൂപ, സുരക്ഷാ സേവനങ്ങള്‍ക്ക് 3.24 ലക്ഷം രൂപ, മുഖ്യമന്ത്രിയുടെ വിശ്രമ സൗകര്യങ്ങള്‍ക്കായി കട്ടിലും കമ്പിളികളും വാങ്ങുന്നതിനായി ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും രേഖകളില്‍ കാണിക്കുന്നു. ആഗോള അയ്യപ്പ സംഗമ നടത്തിപ്പിലെ കണക്കുകളില്‍ പൊരുത്തക്കേടുകള്‍ വ്യക്തമായതോടെ വിവാദങ്ങളില്‍ നിന്ന് തലയൂരാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും. 
 
വിവാദം ശക്തമായ സാഹചര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. നൂറുകണക്കിന് ആളുകള്‍ മാത്രമാണ് പങ്കെടുത്ത ചടങ്ങിന് കോടികള്‍ ചെലവഴിച്ചതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.
അടുത്ത ലേഖനം
കുട്ടികള്‍ക്കുള്ള പാഠപുസ്തകം നേരത്തെ അച്ചടിച്ചതിനെതിരെ ചെന്നിത്തല