പൊന്മുടി റോഡില്‍ അപകടം പതിയിരിക്കുന്നു; ബൈക്ക് യാത്രക്കാര്‍ സൂക്ഷിക്കുക!
വിതുര: പൊന്മുടി-തിരുവനന്തപുരം സംസ്ഥാന പാതയിലെ വിതുര തോട്ടുമുക്ക് പേരയത്തുപാറ ജംഗ്ഷന് സമീപം റോഡില്‍ ഒരു സ്വകാര്യ കമ്പനിയുടെ കേബിള്‍ വലിച്ചിരിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടര്‍ന്ന് കേബിള്‍ റോഡില്‍ വീണു. മോട്ടോര്‍ സൈക്കിളുകള്‍ മറിഞ്ഞ് നിരവധി അപകടങ്ങള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. അടുത്തിടെ ഒരു ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കേബിള്‍ ഇതുവരെ മാറ്റിയിട്ടില്ല.
വാഹന ഗതാഗതം കൂടുതലുള്ള പ്രദേശത്താണ് ഈ കേബിള്‍ സ്ഥിതി ചെയ്യുന്നത്. മാത്രമല്ല പ്രധാന റോഡിലെ ഈ അപകടകരമായ സാഹചര്യം പൊന്മുടി, ബോണക്കാട്, പേപ്പാറ, കല്ലാര്‍ പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ ഗതാഗതത്തെ തടസ്സപ്പെടുത്തുന്നു. മാത്രമല്ല മഴക്കാലത്ത് ഓടകള്‍ നിറയുകയും പൊന്മുടി റോഡിലൂടെ വെള്ളം ഒഴുകുകയും ചെയ്യുന്നു. ഇതോടെ പ്രദേശത്ത് മാലിന്യം അടിഞ്ഞുകൂടുന്നു.
കേബിള്‍ മാറ്റിസ്ഥാപിക്കണമെന്ന് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കേബിള്‍ ഉടന്‍ മാറ്റിസ്ഥാപിക്കണമെന്ന് പേരയത്തുപാറ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.