അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 ഡിസംബര്‍ 2025 (20:35 IST)
വിദ്യാര്‍ത്ഥികളില്‍ അറിവിന്റെയും ബോധത്തിന്റെയും പുതുമയാര്‍ന്ന ഉണര്‍വ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്നു. 8 മുതല്‍ 12 വരെ ക്ലാസുകളിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാല-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്.
സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുക. കോളേജ് വിഭാഗത്തില്‍ ഒന്നാം സമ്മാനം മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനം രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. വിജയികള്‍ക്ക് ഇതിന് പുറമേ മെമന്റോയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും
സ്‌കൂള്‍ വിഭാഗത്തില്‍ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലായി മത്സരങ്ങള്‍ നടക്കും. സ്‌കൂള്‍ തലത്തില്‍ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിന് ശേഷം വിദ്യാഭ്യാസ ജില്ല മുതല്‍ ടീം അടിസ്ഥാനത്തിലായിരിക്കും*മത്സരങ്ങള്‍. സംസ്ഥാന തലത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലൂടെയാണ് അന്തിമ വിജയിയെ തിരഞ്ഞെടുക്കുക.
കോളേജ് വിഭാഗത്തില്‍ മത്സരങ്ങള്‍ കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായി സംഘടിപ്പിക്കും. കോളേജ് തലത്തില്‍ വ്യക്തിഗത മത്സരവും തുടര്‍ന്ന് ടീം അടിസ്ഥാനത്തിലുള്ള മത്സരവും ഉള്‍പ്പെടുത്തി ക്രമീകരിച്ചിരിക്കുന്നു.
ക്വിസ് മത്സരങ്ങള്‍ ജനുവരി 12 മുതല്‍ ആരംഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ജില്ലാതല വിജയികള്‍ക്ക് മെമന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ജില്ലാതലം മുതല്‍ പരിപാടി ജനകീയ പങ്കാളിത്തമുള്ള മത്സരമായും സംഘടിപ്പിക്കും. ശരിയുത്തരങ്ങള്‍ നല്‍കുന്ന കാണികള്‍ക്കും സമ്മാനങ്ങള്‍ ലഭിക്കും.