മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എൻ.എസ്. മാധവന് നിയമസഭാ പുരസ്‌കാരം

NS Madhavan, Writer,Niyamasabha Awards,Kerala News,എൻ എസ് മാധവൻ, എഴുത്തുക്കാരൻ, നിയമസഭാ പുരസ്കാരം,കേരള വാർത്ത
അഭിറാം മനോഹർ| Last Modified തിങ്കള്‍, 29 ഡിസം‌ബര്‍ 2025 (20:24 IST)
തിരുവനന്തപുരം: മലയാള കഥാസാഹിത്യത്തിലെ ആധുനികതയുടെ വക്താവും പ്രമുഖ നോവലിസ്റ്റുമായ എന്‍.എസ്. മാധവന് നിയമസഭയുടെ സമഗ്രസംഭാവനാ പുരസ്‌കാരം. സാഹിത്യ-കലാ-സാംസ്‌കാരിക മേഖലകളില്‍ അദ്ദേഹം നല്‍കിയ നിസ്തുലമായ സേവനങ്ങള്‍ പരിഗണിച്ചാണ് ഈ ആദരം. നിയമസഭാ പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം അദ്ദേഹത്തിന് സമര്‍പ്പിക്കും.

മലയാള ചെറുകഥയുടെ ഭാവുകത്വത്തെയും ഘടനയെയും മാറ്റിമറിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച എഴുത്തുകാരനാണ് എന്‍.എസ്. മാധവന്‍. 'ഹിഗ്വിറ്റ', 'തിരുത്ത്', 'ചുളൈമേടിലെ ശവങ്ങള്‍', 'വന്‍മരങ്ങള്‍ വീഴുമ്പോള്‍', 'പഞ്ചകന്യകകള്‍', 'ഭീമച്ചന്‍' തുടങ്ങി മലയാളികള്‍ ഹൃദയത്തിലേറ്റിയ ഒട്ടനവധി കഥകള്‍ അദ്ദേഹത്തിന്റേതായുണ്ട്. നോവല്‍ സാഹിത്യത്തില്‍ 'ലന്തന്‍ബത്തേരിയിലെ ലുത്തിയിനകള്‍' എന്ന ഒറ്റ കൃതിയിലൂടെ തന്നെ ലോകോത്തര നിലവാരമുള്ള രചയിതാവ് എന്ന് അദ്ദേഹം സ്വയം അടയാളപ്പെടുത്തി.

ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ കേരള സര്‍ക്കാരിന്റെ ധനകാര്യവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള സുപ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. എഴുത്തുജീവിതത്തില്‍ അമ്പത്തഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍, തന്റെ സാഹിത്യകൃതികള്‍ കൊണ്ടും ധീരമായ നിലപാടുകള്‍ കൊണ്ടും ഇന്ത്യന്‍ സാഹിത്യലോകത്ത് സജീവസാന്നിധ്യമായ എന്‍.എസ്. മാധവനെ തേടിയെത്തുന്ന ഈ നിയമസഭാ പുരസ്‌കാരം അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലത്തിനുള്ള അര്‍ഹമായ അംഗീകാരമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :