അഭിറാം മനോഹർ|
Last Modified തിങ്കള്‍, 29 ഡിസംബര്‍ 2025 (18:54 IST)
ശബരിമലവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന് തിരിച്ചടിയായതായി
പരോക്ഷ സമ്മതം നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ശബരിമല വിഷയം എതിരാളികള്‍ പ്രചാരണ വിഷയമാക്കിയെന്നും ബിജെപിയുടെ ആശയം കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന നിലയാണുള്ളതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശബരിമല വിഷയത്തെ വികാരപരമായി ഉയര്‍ത്തിക്കാട്ടിയതിലൂടെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞു.അതിന്റെ പ്രതിഫലനം വോട്ടെടുപ്പില്‍ പ്രകടമായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശബരിമല സ്വര്‍ണക്കവര്‍ച്ച കേസുമായി ബന്ധപ്പെട്ട്
ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുന്നതിന് മുന്‍പായി എം പത്മകുമാറിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം പാര്‍ട്ടി നടപടികള്‍ സ്വീകരിക്കുന്ന പതിവ് സിപിഎമ്മിനില്ല. തെളിവുകള്‍ വ്യക്തമായതിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. എം വി ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി ഉണ്ടായെങ്കിലും എല്‍ഡിഎഫിനുള്ള ജനപിന്തുണ കുറഞ്ഞിട്ടില്ലെന്ന് ഗോവിന്ദന്‍ അവകാശപ്പെട്ടു.
അമിതമായ ആത്മവിശ്വാസം തിരിച്ചടിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകസഭാ തിരെഞ്ഞെടുപ്പില്‍ 33.60 ശതമാനം വോട്ട് ഇടതുപക്ഷത്തിന് ലഭിച്ചിരുന്നു. അത് 39.73 ശതമാനമായി ഉയര്‍ന്നു.
17,35175 വോട്ടിന്റെ വര്‍ധനവുണ്ടായി. യുഡിഎഫിന്റെയും ബിജെപിയുടെയും വോട്ട് ലോകസഭാ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.