അഭിറാം മനോഹർ|
Last Modified തിങ്കള്‍, 12 ജനുവരി 2026 (11:52 IST)
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗപരാതിയും എംഎല്‍എയുടെ അറസ്റ്റും കേരള രാഷ്ട്രീയത്തെ വീണ്ടും ചൂട് പിടിപ്പിച്ചിരിക്കുകയാണ്. വിദേശത്ത് താമസിക്കുന്ന യുവതിയുടെ പരാതിയില്‍ അതീവരഹസ്യമായിട്ടായിരുന്നു പോലീസ് അറസ്റ്റ്. രാഹുലിനെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ രാഹുലിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി. ഇനിയും എത്ര ഉഭയസമ്മതക്കാരുണ്ട് എന്ന ചോദ്യമാണ് രാഹുലിനോട് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. രാഹുല്‍ വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിച്ചെന്നും അയാളുടെ അടുത്ത് പോകുന്ന സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
ഞാനാലോചിക്കുകയാണ്. ഒന്നാമതും മൂന്നാമതും വന്ന പരാതികളില്‍ ഉഭയസമ്മതം എന്ന് മാത്രമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. അല്ലാതെ കുറ്റം ചെയ്തിട്ടില്ല എന്നല്ല. ഉഭയസമ്മതത്തോടെയാണോ ഇല്ലയോ എന്നതല്ല ഇതില്‍ ഞാന്‍ കാണുന്ന പ്രശ്‌നം. ഇയാളൊരു ജനപ്രതിനിധിയല്ലെ, ഇങ്ങനെ നാട് നീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുക, സാമ്പത്തികമായി മുതലെടുക്കുക, വഞ്ചിക്കുക. ഇതിന് വേണ്ടിയാണോ ഇയാളെ ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചത്?
വോട്ട് ചെയ്തവര്‍ ഇപ്പോള്‍ ആരായി?, അവരും അപമാനിതരാവുന്നില്ലെ?, ഇതാണോ ഒരു എംഎല്‍എയുടെ ഉത്തരവാദിത്തം? അഞ്ച് വര്‍ഷം എംഎല്‍എ ആയിരുന്നിട്ട് എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ ഇതാണോ പ്രവര്‍ത്തനനേട്ടം? തനിക്ക് ലഭിച്ച സ്ഥാനത്തെ വൃത്തിക്കെട്ട തരത്തില്‍ ദുരുപയോഗം ചെയ്‌തെന്നെ ഞാന്‍ പറയു. വോട്ട് ചെയ്ത ജനത്തെകൂടിയല്ലെ ഇയാള്‍ വഞ്ചിച്ചത്? പുറത്ത് വരാന്‍ മടിക്കുന്ന/ഭയക്കുന്ന എത്ര ഉഭയസമ്മതക്കാര്‍ ഇനിയും ഉണ്ടാകും? ഇതൊന്നും പുറത്തുവന്നില്ലായിരുന്നെങ്കില്‍ ഇനിയും ഇയാള്‍ ഇതാവര്‍ത്തിക്കില്ലെ? ഇയാളുടെ അടുത്തെത്തുന്ന സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ്? സ്വന്തം പാര്‍ട്ടിയോടോ ജനത്തിനോടോ ഇയാള്‍ക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നല്ലെ ഇതിനര്‍ഥം. ശരീര സുഖത്തിനായാണോ ജനപ്രതിനിധിയായത്? അഴിമതി ആരോപണങ്ങളേക്കാള്‍ ഗുരുതരമായ കുറ്റമാണിത്. ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.