അഭിറാം മനോഹർ|
Last Modified ഞായര്‍, 11 ജനുവരി 2026 (14:22 IST)
ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ പാലക്കാട് എം.എല്‍.എ രാഹുല്‍ മാംകൂട്ടത്തിലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് രാഹുലിനെ റിമാന്‍ഡ് ചെയ്തു. രാഹുലിനെ ഉടന്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. നേരത്തെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും മടങ്ങവെ രാഹുലിന് നേരെ ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. രാഹുല്‍ സഞ്ചരിച്ചിരുന്ന പോലീസ് വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമവും നടന്നു.
ശനിയാഴ്ച അര്‍ദ്ധരാത്രി 12.30-ഓടെ പാലക്കാട് ഹോട്ടല്‍ മുറിയില്‍ നിന്ന് എട്ട് അംഗ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് എം.എല്‍.എയെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാവിലെ പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ ഔപചാരികമായി അറസ്റ്റ് രേഖപ്പെടുത്തി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കോടതി ജാമ്യം നിരസിച്ചു. നിലവില്‍ കാനഡയില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിനിയാണ് ഇ-മെയില്‍ വഴി പരാതി നല്‍കിയത്.വിവാഹം വാഗ്ദാനം ചെയ്ത് ബലാല്‍സംഗം ചെയ്യുകയും സാമ്പത്തികമായി ചൂഷണം നടത്തുകയും ചെയ്‌തെന്നാണ് ആരോപണം.
വൈവാഹിക ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ സോഷ്യല്‍ മീഡിയ വഴി മാംകൂട്ടത്തിലിനെ പരിചയപ്പെട്ടെന്നും കുടുംബാംഗങ്ങളുടെ അംഗീകാരം ലഭിക്കാന്‍ കുഞ്ഞ് വേണമെന്ന് നിര്‍ദ്ദേശിച്ചെന്നും അതിജീവിത മൊഴിയില്‍ വ്യക്തമാക്കി. ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭം അലസിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സ്ത്രീ മൊഴി നല്‍കിയത്. ആദ്യ 2 കേസുകളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ ആവര്‍ത്തനം തന്നെയാണ് ഈ കേസിലുമുള്ളത്.
ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന് ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നു. രണ്ടാം കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ജനുവരി 21 വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ലൈംഗികാതിക്രമ ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് എല്ലാ കേസുകളിലും അന്വേഷണം നടത്തുന്നത്. ഇലക്ട്രോണിക് തെളിവുകള്‍, സാമ്പത്തിക രേഖകള്‍, യാത്രാ വിവരങ്ങള്‍ എന്നിവ ശേഖരിച്ച് വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡി അനുവദിക്കണമെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. രാഹുലിനെ അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം ഉടന്‍ തെടുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു.