രേണുക വേണു|
Last Modified ബുധന്‍, 7 ജനുവരി 2026 (12:07 IST)
ബലാത്സംഗകേസിൽ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് വിലക്ക് നീട്ടി ഹൈക്കോടതി. ഈ മാസം 21 വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയേയും കക്ഷി ചേർത്തിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷ ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് അംഗീകരിച്ചത്. മറുപടി സത്യവാങ്മൂലം നൽകാൻ പരാതിക്കാരിക്ക് രണ്ടാഴ്ചത്തെ സാവകാശം കോടതി നൽകിയിട്ടുണ്ട്.
നേരത്തെ മുൻകൂർ
ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് തൻറെ ഭാഗം കൂടി കേൾക്കണമെന്നും തന്നെയും കക്ഷിചേർക്കണമെന്നും പരാതിക്കാരി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബറാക്രമണം നടക്കുകയാണെന്നും ഹർജിയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ കോടതിയെ അറിയിക്കാനുണ്ടെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മിൽ ഉണ്ടായതെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ പറയുന്നത്. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിൻറെ വാദം.
ബലാത്സംഗം, വിവാഹ വാഗ്ദാനം നൽകി പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ചുകയറൽ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ അതിജീവിതയെ വീണ്ടും അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർജാമ്യ ഹരജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ സർക്കാറിന്റെ വിശദീകരണം തേടി. ഹരജി ജനുവരി 16ന് വീണ്ടും പരിഗണിക്കും.