Tilak Varma: 'അത് ചൂടായത് തന്നെ'; ഹാർദിക്കിന്റെ 'ചീത്ത' വെളിപ്പെടുത്തി തിലക് വർമ
ഗുജറാത്തിനെതിരായ മത്സരത്തിൽ ആദ്യത്തെ 22 പന്തിൽ നിന്ന് 19 റൺസും പിന്നീട് നേരിട്ട 23 പന്തിൽ നിന്ന് 82 റൺസുമാണ് തിലക് അടിച്ചെടുത്തത്
Hardik pandya and Tilak Varma
Tilak Varma: ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ തന്നെ വഴക്കുപറഞ്ഞത് വെളിപ്പെടുത്തി തിലക് വർമ. മുംബൈ ഇന്നിങ്‌സിന്റെ 14-ാം ഓവർ പൂർത്തിയായ സമയത്താണ് ഹാർദിക് പാണ്ഡ്യ തിലകിനോടു ചൂടായത്. തിലകിന്റെ മെല്ലെപ്പോക്ക് ബാറ്റിങ്ങിൽ ക്ഷുഭിതനായാണ് ഹാർദിക് വൈകാരികമായി പ്രതികരിച്ചത്.
' ടൈം-ഔട്ട് സമയത്ത് അദ്ദേഹം എന്നെ വഴക്ക് പറയുകയായിരുന്നു. 'നീ നിന്റെ രീതിയിൽ കളിക്കൂ, ഇങ്ങനെ പതിഞ്ഞ താളത്തിൽ ബാറ്റ് ചെയ്യാതെ നിന്റെ തനിനിറം പുറത്തെടുക്കൂ' എന്നാണ് ഹാർദിക് ഭായ് ദേഷ്യപ്പെട്ടു പറഞ്ഞത്. 'ഭയ്യാ ഒന്ന് കൂളാകൂ, എനിക്ക് കളിയിൽ ശ്രദ്ധിക്കണം. നിങ്ങൾ പറഞ്ഞപോലെ ഞാൻ കളിക്കും. ആശങ്കപ്പെടേണ്ട കാര്യമില്ല.' എന്ന് ഹാർദിക്കിനോടു ഞാൻ തിരിച്ചുംപറഞ്ഞു,' തിലക് വർമ വെളിപ്പെടുത്തി.
ഗുജറാത്തിനെതിരായ മത്സരത്തിൽ ആദ്യത്തെ 22 പന്തിൽ നിന്ന് 19 റൺസും പിന്നീട് നേരിട്ട 23 പന്തിൽ നിന്ന് 82 റൺസുമാണ് തിലക് അടിച്ചെടുത്തത്. 45 പന്തിൽ നിന്ന് എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 101 റൺസുമായി പുറത്താകാതെ നിന്ന തിലക് കളിയിലെ താരവുമായി.
