അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 14 ഏപ്രില്‍ 2026 (10:41 IST)
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അപരാജിത കുതിപ്പിന് വിരാമമായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 57 റണ്‍സിന്റെ തോല്‍വിയാണ് രാജസ്ഥാന്‍ വഴങ്ങിയത്. നിശ്ചിത 20 ഓവറില്‍ സണ്‍റൈസേഴ്‌സ് നേടിയ 216 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്റെ പോരാട്ടം 19 ഓവറില്‍ 159 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 9 റണ്‍സിന് 5 വിക്കറ്റെന്ന നിലയില്‍ നിന്ന രാജസ്ഥാനെ രവീന്ദ്ര ജഡേജയും ഡൊണവാന്‍ ഫെരേരയും ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുക്കെട്ടാണ് വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.
ബുമ്ര, ഹേസല്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍ എന്നിങ്ങനെ വമ്പന്‍ പേരുകാരെ അടിച്ച് പറപ്പിച്ച ആത്മവിശ്വാസത്തില്‍ എത്തിയ രാജസ്ഥാന്റെ 15കാരന്‍ വൈഭവ് സൂര്യവംശി നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. അതേ ഓവറില്‍ ധ്രുവ് ജുറലും ലുവന്‍ ഡ്രെ പ്രിട്ടോറിയസും മടങ്ങിയതോടെ രാജസ്ഥാന്‍ ഞെട്ടി. തന്റെ ആദ്യ മത്സരം കളിക്കുന്ന പ്രഫുല്‍ ഫിംഗെയാണ് രാജസ്ഥാന്റെ തലയറുത്തത്. രണ്ടാം ഓവറില്‍ മറ്റൊരു അരങ്ങേറ്റക്കാരനായ സാകിബ് ഹുസൈന്‍ യശ്വസി ജയ്‌സ്വാളിനെയും മടക്കിയതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. 9 റണ്‍സിനിടെ 5 വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്.
ഒരു ഘട്ടത്തില്‍ സ്‌കോര്‍ 50 കടക്കുമോ എന്ന് സംശയിച്ച ഇടത്തില്‍ നിന്നും ടീമിനെ മാന്യമായ നിലയിലെത്തിച്ചത് ആറാം വിക്കറ്റില്‍ ഒന്നുചേര്‍ന്ന രവീന്ദ്ര ജഡേജ- ഡൊണോവന്‍ ഫെരെയ്ര കൂട്ടുക്കെട്ടായിരുന്നു. ഡൊണോവന്‍ ഫെരേര 44 പന്തില്‍ നിന്ന് 7 ഫോറും 3 സിക്‌സും സഹിതം 69 റണ്‍സും രവീന്ദ്ര ജഡേജ 32 പന്തില്‍ 45 റണ്‍സും നേടി. വാലറ്റത്ത് 11 പന്തില്‍ 25 റണ്‍സുമായി തുഷാര്‍ ദേഷ്പാണ്ഡെ ആഞ്ഞടിച്ചതോടെ 150 റണ്‍സ് മറികടക്കാന്‍ രാജസ്ഥാനായി.
സണ്‍റൈസേഴ്‌സിനായി പ്രഫുല്‍ ഫിംഗെ 4 ഓവറില്‍ 34 റണ്‍സ് വഴങ്ങി 4 വിക്കറ്റും സാകിബ് ഹുസൈന്‍ 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 4 വിക്കറ്റും നേടി. ശേഷിച്ച 2 വിക്കറ്റുകള്‍ ഇഷാന്‍ മലിംഗയും സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇഷാന്‍ കിഷന്റെ (91) മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. ഹെന്റിക് ക്ലാസന്‍ 26 പന്തില്‍ 40 റണ്‍സുമായി തിളങ്ങി.