1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Matt short's ODI type innings caused CSK loss against SRh

30 പന്തിൽ 34 റൺസ് മാത്രം, ചെന്നൈയെ തോൽപ്പിച്ചത് മാറ്റ് ഷോർട്സ്, ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും റുതുരാജ് പരാജയം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളര്‍മാര്‍ മത്സരം പിടിക്കുകയും ഹൈദരാബാദിനെ 194 റണ്‍സില്‍ തളയ്ക്കുകയും ചെയ്തിരുന്നു.

Matt short, CSK vs SRH, IPL, CSK Loss
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വിജയിക്കാവുന്ന മത്സരം കൈവിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളര്‍മാര്‍ മത്സരം പിടിക്കുകയും ഹൈദരാബാദിനെ 194 റണ്‍സില്‍ തളയ്ക്കുകയും ചെയ്തിരുന്നു. സഞ്ജു സാംസണെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ആയുഷ് മാത്രെയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് ലഭിച്ചത്. നേടാവുന്ന വിജയലക്ഷ്യമായിരുന്നെങ്കിലും ചെന്നൈയുടെ തോല്‍വിയില്‍ പ്രധാനമായി മാറിയത് മാറ്റ് ഷോര്‍ട്ടിന്റെ മെല്ലെപ്പോക്കായിരുന്നു.
 
 കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ഓപ്പണര്‍ സഞ്ജു സാംസണ്‍ ഹൈദരാബാദിനെതിരെ വെറും 7 റണ്‍സിനാണ് പുറത്തായത്. പവര്‍പ്ലേയില്‍ മെല്ലെപ്പോക്ക് തുടര്‍ന്ന നായകന്‍ റുതുരാജ് ഗെയ്ക്ക്വാദ് 13 പന്തില്‍ 19 റണ്‍സുമായി മടങ്ങിയെങ്കിലും ആയുഷ് മാത്രെയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ചെന്നൈയ്ക്ക് പവര്‍പ്ലേയില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആയുഷ് മാത്രെ പുറത്തായതിന് പിന്നാലെ സര്‍ഫറാസ് ഖാന്‍ മാത്രമാണ് ടീം സ്‌കോര്‍ ഉയര്‍ത്തി ടീമിനെ വിജയത്തിലെത്തിക്കാനായി ശ്രമിച്ചത്.
 
 മത്സരത്തില്‍ 30 പന്തുകള്‍ നേരിട്ട മാറ്റ് ഷോര്‍ട്ട് ഇന്നിങ്ങ്‌സിലാകെ നേടിയത് 3 ഫോറുകള്‍ മാത്രമാണ്. ഈ മെല്ലെപ്പോക്കാണ് ചെന്നൈയുടെ തോല്‍വിക്ക് കാരണമായത്. 16 പന്തില്‍ 21 റണ്‍സുമായി ശിവം ദുബെ അവസാന നിമിഷം ജയത്തിനായി ശ്രമിച്ചെങ്കിലും ഷോര്‍ട്ട് പാഴാക്കിയ പന്തുകള്‍ അവസാന സമയത്ത് ചെന്നൈയ്ക്ക് നിര്‍ണായകമായി.ബൗളിങ്ങില്‍ 3 ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തതോടെ ചെന്നൈ തോല്‍വിയില്‍ മാറ്റ് ഷോര്‍ട്ടിന്റെ പ്രകടനം ഏറെ നിര്‍ണായകമായി. കളിക്കാരുടെ സ്‌ട്രൈക്ക് റേറ്റ് ചര്‍ച്ചകളില്‍ നിറയുമ്പോള്‍ ഏകദിന ശൈലിയിലാണ് ഒരു ചെയ്‌സിങ് മത്സരത്തില്‍ മാറ്റ് ഷോര്‍ട്ട് കാഴ്ചവെച്ചത്. പരാജയത്തോടെ പോയന്റ് പട്ടികയില്‍ അഞ്ചാമതെത്താനുള്ള അവസരം ചെന്നൈയ്ക്ക് നഷ്ടമായി.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Punjab Kings vs Lucknow Super Giants: പഞ്ചാബിന്റെ വിജയഗാഥ തുടരുന്നു; ലഖ്‌നൗവിനു തോൽവി