1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Shubman gill injury update

ടൈറ്റൻസിന് ആശ്വാസം: ശുഭ്മൻ ഗിൽ തിരിച്ചെത്തുന്നു, ഡൽഹിക്കെതിരെ ഇന്ന് കളിക്കാനിറങ്ങും

കഴിഞ്ഞ 1,468 ദിവസങ്ങളായി ഗില്‍ ഒരു ഐപിഎല്‍ മത്സരം പോലും നഷ്ടപ്പെടുത്തിയിരുന്നില്ല.

Shubman gill,Injury update, GT vs DC, IPL News
ഐപിഎല്ലിലെ നിര്‍ണ്ണായക പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനൊരുങ്ങുന്ന ഗുജറാത്ത് ടൈറ്റന്‍സിന് ആശ്വാസമായി നായകന്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുന്നു. പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മത്സരത്തില്‍ വിട്ടുനിന്ന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഇന്ന് കളിക്കാനിറങ്ങുമെന്ന് ടീം വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഓപ്പണര്‍ സായ് സുദര്‍ശനാണ് വാര്‍ത്താസമ്മേളനത്തില്‍ ഗില്ലിന്റെ മടങ്ങിവരവ് അറിയിച്ചത്.
 
പേശിവലിവ് മൂലം രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ മത്സരം ഗില്ലിന് നഷ്ടമായിരുന്നു. കഴിഞ്ഞ 1,468 ദിവസങ്ങളായി ഗില്‍ ഒരു ഐപിഎല്‍ മത്സരം പോലും നഷ്ടപ്പെടുത്തിയിരുന്നില്ല.  ഗില്ലിന് പരിക്കേറ്റതോടെ റാഷിദ് ഖാനാണ് കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെ നയിച്ചത്.  രാജസ്ഥാനെതിരായ മത്സരത്തില്‍ ഗുജറാത്ത് പരാജയപ്പെട്ടിരുന്നു.
 
ഗില്‍ തിരിച്ചെത്തുന്നതിനൊപ്പം മധ്യനിരയിലെ പോരായ്മകള്‍ പരിഹരിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറെ ടീമിലുള്‍പ്പെടുത്താന്‍ ഗുജറാത്ത് മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ബാറ്റിംഗ് അനുകൂല പിച്ചില്‍ ഗില്ലും സുദര്‍ശനും നല്‍കുന്ന തുടക്കം ഗുജറാത്തിന് നിര്‍ണ്ണായകമാകും. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തുള്ള ഗുജറാത്തിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്നത്തെ വിജയം അനിവാര്യമാണ്.
 
സ്വന്തം തട്ടകത്തില്‍ ആത്മവിശ്വാസത്തോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നത്. പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഡല്‍ഹി, തങ്ങളുടെ സ്ഥാനം ഭദ്രമാക്കാനാണ് ലക്ഷ്യമിടുന്നത്. ബൗളിങ്ങ് നിരയുടെ കരുത്തും ബാറ്റിങ്ങില്‍ സമീര്‍ റിസ്വിയുടെ പ്രകടനങ്ങളുമാണ് ഡല്‍ഹിയുടെ കഴിഞ്ഞ വിജയങ്ങളില്‍ നിര്‍ണായകമായത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ചാമ്പ്യൻസ് ലീഗ് : ബെർണബ്യൂവിൽ റയലിന് അടിതെറ്റി, സെമി സാധ്യത സജീവമാക്കി ബയേണും ആഴ്സണലും