അഭിറാം മനോഹർ|
Last Modified ബുധന്‍, 21 ജനുവരി 2026 (12:09 IST)
മനുഷ്യ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ ഏറ്റവും മഹത്തായ വ്യക്തിത്വങ്ങളിലൊരാളായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു. 27 വര്‍ഷത്തെ ഉജ്ജ്വലമായ കരിയറിനൊടുവില്‍ ഡിസംബര്‍ 27, 2025 മുതല്‍ വിരമിച്ചതായി ഇന്നലെയാണ്(ജനുവരി 20) സുനിത വില്യംസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) മൂന്ന് ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയ 60 കാരിയായ സുനിതാ വില്യംസ് മനുഷ്യ ബഹിരാകാശ പര്യവേഷണ രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തിത്വമാണ്.
നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജാരെഡ് ഐസക്മാന്‍
ബഹിരാകാശ യാത്രയിലെ പയനിയര്‍ എന്നാണ് സുനിതാ വില്യംസിനെ വിശേഷിപ്പിച്ചത്.
തന്റെ നേതൃത്വത്തിലൂടെ പര്യവേക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്തിയ സുനി വില്യംസ് ചന്ദ്രനിലേക്കുള്ള ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ക്കും ചൊവ്വയിലേക്കുള്ള യാത്രയ്ക്കും അടിത്തറയിട്ട വ്യക്തിയാണെന്നും പറഞ്ഞു. ബഹിരാകാശത്ത് 608 ദിവസങ്ങളാണ് സുനിത വില്യംസ് ചെലവഴിച്ചത്.ഇത് നാസ ബഹിരാകാശയാത്രികരില്‍ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ സമയമാണ്. അവസാന ബോയിംഗ് സ്റ്റാര്‍ലൈനര്‍-സ്‌പേസ് എക്‌സ് ക്രൂ-9 ദൗത്യത്തില്‍ മാത്രം 286 ദിവസം ചെലവഴിച്ചു. 8 ദിവസത്തേക്കുള്ള ദൗത്യമായിരുന്നു 286 ദിവസങ്ങളിലേക്ക് നീണ്ടത്. ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ കാപ്‌സ്യൂളിലെ സാങ്കേതിക തകരാറുകളായിരുന്നു യാത്ര നീളാന്‍ കാരണമായത്. ഒമ്പത് ബഹിരാകാശ നടത്തങ്ങള്‍ പൂര്‍ത്തിയാക്കിയ വില്യംസ് ആകെ 62 മണിക്കൂര്‍ 6 മിനിറ്റ് ബഹിരാകാശത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു സ്ത്രീ ബഹിരാകാശത്ത് ചെലവഴിച്ചതില്‍ ഏറ്റവും കൂടുതല്‍ സമയമാണിത്. ബഹിരാകാശ നടത്തത്തില്‍ നാലാം സ്ഥാനത്താണ് സുനിതാ വില്യംസ്.
2002-ല്‍ നാസ എക്‌സ്ട്രീം എന്‍വയോണ്‍മെന്റ്‌സ് മിഷന്‍ ഓപ്പറേഷന്‍സ് (നീമോ) ക്രൂ അംഗമായി ഒമ്പത് ദിവസം വെള്ളത്തിനടിയിയില്‍ പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് സുനിതാ വില്യംസ്.ആദ്യ പറക്കലിന് ശേഷം നാസയുടെ ആസ്‌ട്രോണട് ഓഫീസിന്റെ ഡെപ്യൂട്ടി ചീഫായി സേവനമനുഷ്ഠിച്ചു. രണ്ടാം ദൗത്യത്തിന് ശേഷം റഷ്യയിലെ സ്റ്റാര്‍ സിറ്റിയില്‍ ഓപ്പറേഷന്‍സ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഏറ്റവും ഒടുവില്‍ ഭാവിയിലെ ചന്ദ്ര ലാന്‍ഡിംഗുകള്‍ക്കായി ബഹിരാകാശയാത്രികരെ സജ്ജമാക്കുന്നതിനായി ഹെലികോപ്റ്റര്‍ പരിശീലന പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിലും സുനിതാ വില്യംസ് മുന്‍കൈയെടുത്തു.
മസാച്യൂസെറ്റ്‌സിലെ നീധാമില്‍ വളര്‍ന്ന വില്യംസിന്റെ പിതാവ് ദീപക് പാണ്ഡ്യ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഝുലാസാനില്‍ നിന്നുള്ള ഒരു ന്യൂറോഅനാട്ടമിസ്റ്റായിരുന്നു, പിന്നീട് അമേരിക്കയിലേക്ക് കുടിയേറി സ്ലോവേനിയന്‍ വംശജയായ ബോണി പാണ്ഡ്യയെ വിവാഹം കഴിച്ചു. യുഎസ് നേവല്‍ അക്കാദമിയില്‍ നിന്ന് ഫിസിക്കല്‍ സയന്‍സില്‍ ബിരുദവും ഫ്‌ലോറിഡ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനീയറിംഗ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയ വില്യംസ് വിരമിച്ച യുഎസ് നേവി ക്യാപ്റ്റന്‍ കൂടിയാണ്. പരിചയസമ്പന്നയായ
വിമാന പൈലറ്റ് കൂടിയായ സുനിതാ വില്യംസ്
40 വ്യത്യസ്ത വിമാനങ്ങളില്‍ 4,000 മണിക്കൂറിലധികം പറക്കല്‍ അനുഭവം നേടിയിട്ടുള്ള വ്യക്തി കൂടിയാണ്.നിലവില്‍ ഇന്ത്യയിലുള്ള വില്യംസ് ജനുവരി 20 ന് ഡല്‍ഹിയിലെ അമേരിക്കന്‍ സെന്ററില്‍ 'Eyes on the Stars, Feet on the Ground' എന്ന പേരില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്തിരുന്നു. കേരളത്തില്‍ നടക്കാനിരിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലും സുനിതാ വില്യംസ് പങ്കെടുക്കുന്നുണ്ട്.