1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. Indian Badminton star saina nehwal announces retirement from international badminton

തുടർച്ചയായി പരിക്ക്, വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ബാഡ്മിൻ്റൺ ഇതിഹാസം സൈന നെഹ്‌വാൾ

Saina Nehwal,Indian sports, Badminton legend, saina Nehwal retirement, സൈന നേഹ്‌വാൾ, ഇന്ത്യൻ സ്പോർട്സ്, ബാഡ്മിൻ്റൺ, സൈന നെഹ്‌വാൾ വിരമിക്കൽ
ഇന്ത്യന്‍ ബാഡ്മിന്റണിന്റെ ചരിത്രത്തില്‍ തിളക്കമാര്‍ന്ന അദ്ധ്യായങ്ങള്‍ രചിച്ച സൈന നെഹ്വാള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചു. കാല്‍മുട്ടിനേറ്റ പരിക്കും ശാരീരികമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്ന് 35കാരിയായ സൈന കഴിഞ്ഞ 2 വര്‍ഷമായി മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടിലധികം നീണ്ട് നിന്ന തന്റെ കരിയറില്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനവും ഒളിമ്പിക്‌സ് മെഡലും സൈന സ്വന്തമാക്കിയിട്ടുണ്ട്. ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സൈന.
 
 തന്റേതായ നിബന്ധനകളിലാണ് കായികരംഗത്തേക്ക് വന്നതെന്നും ഇപ്പോള്‍ അതേ കാരണങ്ങളാലാണ് പോകുന്നതെന്നും  അതിനാല്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും പോഡ്കാസ്റ്റിലൂടെ  സൈന വ്യക്തമാക്കി. തന്റെ മുട്ടിലെ തരുണാസ്ഥി പൂര്‍ണമായും നശിച്ചുവെന്നും ആര്‍ത്രൈറ്റിസ് ബാധിച്ചുവെന്നും സൈന വെളിപ്പെടുത്തി. മുമ്പ് എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ പരിശീലിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ രണ്ട് മണിക്കൂര്‍ പരിശീലിക്കുമ്പോഴേക്കും കഠിനമായ മുട്ടുവേദന അനുഭവപ്പെടുന്നുവെന്നും താരം പറഞ്ഞു.
 
 
2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയ സൈന, ബാഡ്മിന്റണ്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ താരമാണ്.  രണ്ട് പതിറ്റാണ്ടോളം നീണ്ട സൈനയുടെ കരിയര്‍ ബാഡ്മിന്റണെ ഇന്ത്യയില്‍ കൂടുതല്‍ ജനകീയമാക്കുന്നതില്‍ നിര്‍ണായകമായിരുന്നു. 2016ലെ റിയോ ഒളിമ്പിക്‌സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറില്‍ വലിയ തിരിച്ചടിയായത്. എന്നിരുന്നാലും താരം തിരിച്ചുവന്ന് 2017ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും 2018ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി. കഴിഞ്ഞ രണ്ട് വര്‍ഷമായി കടുത്ത മുട്ടുവേദനയെ തുടര്‍ന്ന് സൈന മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2023ലെ സിംഗപ്പൂര്‍ ഓപ്പണിലാണ് താരം അവസാനമായി മത്സരത്തില്‍ പങ്കെടുത്തത്.
 
 
പ്രകാശ് പാദുകോണെയുടെ മാര്‍ഗനിര്‍ദേശത്തില്‍ ഹൈദരാബാദിലെ പുള്ളേല ഗോപിചന്ദ് അക്കാദമിയില്‍ നിന്ന് തന്റെ കരിയര്‍ കെട്ടിപ്പടുത്ത സൈന, പിന്നീട് വിമല്‍ കുമാര്‍, യു ചുങ് കാന്‍ തുടങ്ങിയ പരിശീലകരുടെ കീഴില്‍ പരിശീലനം നേടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്ന് സ്വര്‍ണങ്ങള്‍, ആസ്യന്‍ ഗെയിംസില്‍ വെങ്കലം, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം എന്നിങ്ങനെ സൈനയുടെ മെഡല്‍ നേട്ടങ്ങള്‍ വിപുലമായിരുന്നു. ലോക ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റില്‍ 11 തവണ വിജയം നേടി, അനേകം സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ കരസ്ഥമാക്കി.
സൈനയുടെ വിരമിക്കല്‍ ഇന്ത്യന്‍ ബാഡ്മിന്റണിന്റെ സുവര്‍ണ്ണ യുഗത്തിന്റെ അവസാനത്തെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. പിവി സിന്ധു, സായ് പ്രണീത്ത്, പരുപള്ളി കാശ്യപ്, കിദാംബി ശ്രീകാന്ത് തുടങ്ങിയവരോടൊപ്പം ഇന്ത്യന്‍ ബാഡ്മിന്റണിനെ ആഗോള തലത്തില്‍ കൊണ്ടുയര്‍ത്താന്‍  നിര്‍ണായക പങ്കാണ് സൈന വഹിച്ചിട്ടുള്ളത്.
 
 
അടുത്ത ലേഖനം
ടീമിന്റെ പരാജയത്തില്‍ ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല, വിനീഷ്യസ് ജൂനിയറിന് പിന്തുണയുമായി എംബാപ്പെ