1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Instead of fixing his flows kohli simply walked away says sanjay manjrekar

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

Virat Kohli
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയുടെ വിരമിക്കല്‍ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. കോഹ്ലി തന്റെ റെഡ്-ബോള്‍ ക്രിക്കറ്റില്‍ സാങ്കേതിക പിഴവുകള്‍ തിരുത്താന്‍ ശ്രമിക്കുന്നതിനുപകരം ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും താരം വിരമിച്ചു എന്നതാണ് തന്നെ അസ്വസ്ഥനാക്കിയതെന്നാണ് മഞ്ജരേക്കര്‍ പറയുന്നു. കോലിയുടെ സമകാലീകരായ ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ റണ്‍സടിച്ചുകൂട്ടുന്ന പശ്ചാത്തലത്തിലാണ് മഞ്ജരേക്കറുടെ പ്രതികരണം.
 
കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ 10 ഇന്നിംഗ്‌സുകളില്‍ നിന്ന് 194 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. പെര്‍ത്തില്‍ നേടിയ സെഞ്ചുറിയാണ് ആ പരമ്പരയിലെ ഏക ആശ്വാസ പ്രകടനം. ടെസ്റ്റ് ക്രിക്കറ്റില്‍ 123 മത്സരങ്ങളില്‍ നിന്ന് 46.85 റണ്‍സ് ശരാശരിയില്‍ 9,230 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. ടെസ്റ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ പോലും കോലി നിന്നില്ല എന്നത് നിരാശപ്പെടുത്തുന്നതാണെന്ന് മഞ്ജരേക്കര്‍ പറയുന്നു.
 
ക്രിക്കറ്റിലെ ഏറ്റവും കഠിനമായ ഫോര്‍മാറ്റായ ടെസ്റ്റില്‍ തന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ തിരുത്തി മുന്നോട്ട് പോവുകയാണ് കോലി ചെയ്യേണ്ടിയിരുന്നത്. ഒരു ടോപ് ഓര്‍ഡര്‍ ബാറ്റര്‍ക്ക് കൂടുതല്‍ അനുകൂലമായ ഏകദിന ഫോര്‍മാറ്റിലാണ് കോലി തുടരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം അദ്ദേഹത്തിന്റെ ടെസ്റ്റിലെ ശരാശരി 31 മാത്രമാണ്. എങ്കിലും പിഴവുകള്‍ തിരുത്തി മുന്നോട്ട് വരാന്‍ കോലി തയ്യാറായില്ല എന്നത് നിര്‍ഭാഗ്യകരമാണ്. ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം ടെസ്റ്റില്‍ നേട്ടമുണ്ടാക്കുമ്പോള്‍ കോലി ടെസ്റ്റ് കളിക്കുന്നില്ല എന്നതില്‍ നിരാശയുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ മഞ്ജരേക്കര്‍ പറഞ്ഞു.
 
 
 
അടുത്ത ലേഖനം
ടെസ്റ്റിനായി വേറെ കോച്ചിനെ ഇന്ത്യയ്ക്ക് ആവശ്യമില്ല, ഗംഭീറിന് പിന്തുണയുമായി ഹർഭജൻ