അഭിറാം മനോഹർ|
Last Modified വ്യാഴം, 29 ജനുവരി 2026 (15:37 IST)
യുഎസില്‍ നിന്നും ഏതെങ്കിലും രീതിയിലുള്ള സൈനികനടപടികളുണ്ടായാല്‍ ഇറാന്‍ അതിന് തക്കതായ രീതിയില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്. ഭീഷണികള്‍ക്ക് വഴങ്ങില്ലെങ്കിലും തുല്യമായ പരിഗണന നല്‍കുന്ന നീതിയുക്തമായ ആണവകരാറിനെ ഇറാന്‍ എല്ലായ്‌പോഴും സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ ധീരരായ സായുധസേനാംഗങ്ങള്‍ എന്തിനും തയ്യാറാണ്. ഇറാനെതിരെ കര,കടല്‍,ആകാശം അങ്ങനെ ഏത് മാര്‍ഗത്തിലൂടെ ആക്രമണമുണ്ടായാലും ഉടനടി ശക്തമായ പ്രതികരണമുണ്ടാകും. അതേസമയം പരസ്പരം പ്രയോജനകമായ നീതിയുക്തമായ ആണവകരാറിനെ ഇറാന്‍ എല്ലായ്‌പോഴും സ്വാഗതം ചെയ്യുന്നു. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവസാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം കരാറില്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആണവനിര്‍വ്യാപന കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരെ രൂക്ഷമായ ആക്രമണം നടക്കുമെന്നാണ് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. സമയം അതിക്രമിച്ചെന്നും ഇറാന്‍ എത്രയും വേഗം മേശയ്ക്ക് മുന്നിലെത്തി നീതിയുക്തമായ കരാര്‍ സജ്ജമാക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം യുഎസിന്റെ കപ്പല്‍ വ്യൂഹം ഇറാനിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിരുന്നു.