ഇസ്രായേലിനെ ആക്രമിച്ചാൽ ഇറാൻ ബാക്കിയുണ്ടാകില്ല, യുഎസ് സൈനികനീക്കത്തിനിടെ മുന്നറിയിപ്പുമായി നെതന്യാഹു
ഇസ്രായേലിന് മുകളില്‍ ഇറാന്‍ ആക്രമണമുണ്ടായാല്‍ മുന്‍പില്ലാത്തവിധത്തിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹു. ഇറാനുമായുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിനെ യുഎസ് പശ്ചിമേഷ്യന്‍ ഭാഗത്തേക്ക് നീക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.
ഇറാന്റെ ഭാഗത്ത് നിന്നും ഇസ്രായ്ലിനെതിരെ എന്തെങ്കിലും നീക്കമുണ്ടായാല്‍ ഇറാന്‍ ഇന്നുവരെ നേരിടാത്ത സൈനികനടപടിയുണ്ടാകുമെന്ന് നെതന്യാഹു പാര്‍ലമെന്റ് യോഗത്തില്‍ പറഞ്ഞതായി ചൈനീസ് മാധ്യമമായ ഷിന്‍ഹുവായാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഗാസയിലെ യുദ്ധാനന്തര ഭരണം സംബന്ധിച്ച് യുഎസ് നേതൃത്വത്തിലുള്ള പദ്ധതികളെ പറ്റിയും നെതന്യാഹു സംസാരിച്ചു. തുര്‍ക്കി- ഖത്തര്‍ സൈനികരെ ഗാസയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.
