1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran linked hacker group leak US Marines Data pentagon probe

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

അമേരിക്കന്‍ സൈനികരുടെ വ്യക്തിഗത വിവരങ്ങളും സേവന രേഖകളും ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക രേഖകളാണ് ഹാക്കര്‍ ഗ്രൂപ്പ് പുറത്തുവിട്ടത്.

Iran Cyber Attack, US Marines, Pentagon Probe, Hacking
അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണിനെ നടുക്കി യുഎസ് മറൈന്‍ കോര്‍പ്സിന്റെ അതീവ രഹസ്യ വിവരങ്ങള്‍ ഇറാന്‍ ബന്ധമുള്ള ഹാക്കര്‍മാര്‍ ചോര്‍ത്തി. അമേരിക്കന്‍ സൈനികരുടെ വ്യക്തിഗത വിവരങ്ങളും സേവന രേഖകളും ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക രേഖകളാണ് ഹാക്കര്‍ ഗ്രൂപ്പ് പുറത്തുവിട്ടത്. സംഭവത്തില്‍ പെന്റഗണ്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നതിനിടയിലാണ് ഈ സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
യുഎസ് നാവികസേനയിലെ ഉദ്യോഗസ്ഥരുടെ പേര്, റാങ്ക്, താമസസ്ഥലം, ഫോണ്‍ നമ്പറുകള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങളാണ് ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. 'ഹാന്‍ഡ്ല അ' (Handala) എന്ന ഹാക്കര്‍ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ ഈ ഗ്രൂപ്പ് സമൂഹമാധ്യമങ്ങളിലൂടെയും ഡാര്‍ക്ക് വെബ്ബ് സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. തങ്ങള്‍ ഈ മറീനുകളെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന മുന്നറിയിപ്പും ഗ്രൂപ്പ് നല്‍കിയിട്ടുണ്ട്.
 
ഏകദേശം രണ്ടായിരത്തോളം സൈനികരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ 2,379 യുഎസ് മറീനുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായി പ്രാദേശിക അറബ് വാര്‍ത്താ വെബ്‌സൈറ്റായ ഷഫാഖ് ഡോട്ട് കോം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയില്‍ വിന്യസിച്ചിരിക്കുന്ന മറീനുകള്‍ക്ക് തങ്ങള്‍ നിരീക്ഷണത്തിലാണെന്നും ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്നുമുള്ള വാട്‌സാപ്പ് മുന്നറിയിപ്പുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
 
ഹാക്കര്‍ ഗ്രൂപ്പിന് ഇറാന്റെ ഔദ്യോഗിക പിന്തുണയുണ്ടോ എന്ന കാര്യത്തില്‍ എഫ്ബിഐയും (FBI) സൈബര്‍ സെക്യൂരിറ്റി ഏജന്‍സികളും അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇറാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല ഹാക്കര്‍ ഗ്രൂപ്പുകളും മുന്‍പും അമേരിക്കന്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളെ ലക്ഷ്യമിട്ടിട്ടുണ്ട്. പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍, അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇറാന്റെ 'നിഴല്‍ യുദ്ധത്തിന്റെ' (Shadow War) ഭാഗമായാണ് ഈ നീക്കത്തെ പെന്റഗണ്‍ വിലയിരുത്തുന്നത്.
 
സൈനിക വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ തങ്ങളുടെ എല്ലാ ഡിജിറ്റല്‍ നെറ്റ്വര്‍ക്കുകളും പെന്റഗണ്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കി. സൈനിക ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ചോരുന്നത് തടയാന്‍ അത്യാധുനിക എന്‍ക്രിപ്ഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് സൈന്യത്തിന്റെ തീരുമാനം. 
 
അമേരിക്കയുടെ സൈനിക രഹസ്യങ്ങളിലേക്ക് ഹാക്കര്‍മാര്‍ ഇത്ര എളുപ്പത്തില്‍ നുഴഞ്ഞുകയറിയത് രാജ്യത്തിന്റെ സൈബര്‍ സുരക്ഷാ സംവിധാനങ്ങളുടെ പരാജയമായാണ് വിമര്‍ശിക്കപ്പെടുന്നത്. 
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ