1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. GCC Countries demands for payment from Hormuz

ഹോർമൂസിൽ ഇറാൻ ടോൾ ഈടാക്കുന്നതിനെതിരെ ജിസിസി കൂട്ടായ്മ, പഴയ സ്ഥിതി പുനഃസ്ഥാപിക്കണം

കൂട്ടായ്മയിലെ ഒരു അംഗത്തിനെതിരെ ആക്രമണമുണ്ടായാല്‍ അത് മേഖലയ്‌ക്കെതിരായ ആക്രമണമായി കണക്കാക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

Strait of Hormuz, Israel- Iran war, Middle east, Oil price
ദുബായ്:  ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ ടോള്‍ ഫീ ഈടാക്കുന്നതിനെതിരെ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി). ഹോര്‍മൂസ് അടച്ചിടുന്നതിനെ അപലപിച്ച ജിസിസി, യുദ്ധത്തിന് മുന്‍പുണ്ടായിരുന്ന സ്വതന്ത്ര ഗതാഗത സ്ഥിതി ഉടനടി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയ്ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജിസിസിയുടെ സംയുക്ത പദ്ധതികള്‍ വേഗത്തിലാക്കാനും കൂട്ടായ്മ തീരുമാനിച്ചു. കൂട്ടായ്മയിലെ ഒരു അംഗത്തിനെതിരെ ആക്രമണമുണ്ടായാല്‍ അത് മേഖലയ്‌ക്കെതിരായ ആക്രമണമായി കണക്കാക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
 
ഈ വര്‍ഷം ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഇറാന്‍ ഹോര്‍മൂസ് ഗതാഗതം നിയന്ത്രിക്കുകയും ടോള്‍ ഈടാക്കല്‍ ആരംഭിക്കുകയും ചെയ്തത്. വലിയ ടാങ്കറുകള്‍ക്ക് 20 ലക്ഷം ഡോളര്‍ വരെ ഫീ ഈടാക്കുന്നുണ്ടെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. ടോള്‍ വരുമാനം ഉള്ളതായി ഇറാനും സ്ഥിരീകരിച്ചിരുന്നു.
 
ഇറാന്റെ നടപടിക്ക് നിയമപരമായ അടിത്തറയില്ലെന്ന് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐഎംഒ) വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഹോര്‍മുസിലെ നടപടികളുമായി ഇറാന്‍ മുന്നോട്ട് പോവുകയാണ്. ഇതിനിടെ ടോള്‍ അടയ്ക്കുന്ന ഏതൊരു കപ്പലും പിടിച്ചെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കുകയും ഹോര്‍മുസില്‍ അമേരിക്ക ഉപരോധം കൊണ്ടുവരികയും ചെയ്തിരുന്നു.
 
ഈ പശ്ചാത്തലത്തില്‍ ഇറാന്റെ ഭീഷണിക്ക് മറുപടിയായി ജിസിസി ജിസിസി റെയില്‍ ശൃംഖല, ഏകീകൃത വൈദ്യുതി ഗ്രിഡ്, എണ്ണ-ഗ്യാസ് പൈപ്പ്ലൈന്‍, ബാലിസ്റ്റിക് മിസൈല്‍ നിരീക്ഷണ സംവിധാനം എന്നിവ ഉള്‍പ്പെടെ സംയുക്ത അടിസ്ഥാന  പദ്ധതികള്‍ ത്വരിതപ്പെടുത്തുകയാണ്. ഇതിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തിലാണ് ഇറാന്‍ ഹോര്‍മുസില്‍ പഴയ സ്ഥിതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ജിസിസി രാജ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രവേശനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ