ആണവപദ്ധതികൾ ഉപേക്ഷിച്ചാൽ ഇറാനെ കാത്തിരിക്കുന്നത് വൻ നേട്ടം, പാകിസ്ഥാനിൽ വീണ്ടും സമാധാന ചർച്ച
ആണവായുധ പദ്ധതികള്‍ ഉപേക്ഷിക്കുകയാണെങ്കില്‍ ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് വരുത്താമെന്ന വാഗ്ദാനവുമായി അമേരിക്ക.
ആണവായുധ പദ്ധതികള്‍ ഉപേക്ഷിക്കുകയാണെങ്കില്‍ ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് വരുത്താമെന്ന വാഗ്ദാനവുമായി അമേരിക്ക. പരസ്പരമുള്ള അവിശ്വാസത്തെ മാറ്റിയെടുക്കാമെന്നും സംഘര്‍ഷം പൂര്‍ണമായി അവസാനിപ്പിക്കാമെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് വ്യക്തമാക്കി. ഇറാനുമായുള്ള സമാധാന ചര്‍ച്ച ഈ ആഴ്ച പുനരാരംഭിക്കുമെന്നും അമേരിക്ക അറിയിച്ചു. ഹോര്‍മുസില്‍ അമേരിക്കന്‍ ഉപരോധം തുടരുന്നതിനിടെയാണ് യുഎസ് വീണ്ടും ചര്‍ച്ചകള്‍ക്ക് തയ്യാറായിരിക്കുന്നത്.
ഇറാന്റെ തകര്‍ന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന സാമ്പത്തിക പാക്കേജുകളും അന്താരാഷ്ട്ര വ്യാപാരത്തിനുള്ള അനുമതിയുമാണ് അമേരിക്ക വാഗ്ദാനം ചെയ്യുന്നത്. ഇതിന് പകരമായി യുറേനിയം സമ്പുഷ്ടീകരണവും ആണവായുധ പരീക്ഷണങ്ങളും ഇറാന്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കണം എന്നാണ് അമേരിക്കയുടെ ആവശ്യം. അതേസമയം ഇസ്രായേലും ലെബനനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ച വാഷിങ്ടണില്‍ നടന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടന്നത്.