അമൃതം പൊടിയിലെ പഞ്ചസാര കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും; നിർണായക നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ
കുട്ടികളുടെ ഉത്തമ താല്‍പര്യത്തിനും അവരുടെ പോഷകാഹാര അവകാശത്തിനും വിരുദ്ധമാണ് അധിക അളവില്‍ പഞ്ചസാര ഉള്‍പ്പെടുത്തുന്നതിലൂടെ ഉണ്ടാകാവുന്ന ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
തിരുവനന്തപുരം: അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉള്‍പ്പെടുത്തുന്നത് കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. അമൃതം ന്യൂട്രിമിക്‌സിന്റെ പോഷകഘടന ശാസ്ത്രീയമായി പുനഃപരിശോധിക്കണമെന്നും നിര്‍മ്മാണത്തില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കി കുറഞ്ഞ അളവില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഐസിഡിഎസ് (ICDS) മുഖേന വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സിന്റെ പോഷകഘടന ശാസ്ത്രീയ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഉന്നതതല കമ്മിറ്റി രൂപീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
പ്രായത്തിനനുസരിച്ച് ന്യൂട്രിമിക്‌സ് അളവ് നിശ്ചയിക്കണം
ടേക്ക് ഹോം റേഷന്‍ (THR) പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കുന്ന ന്യൂട്രിമിക്‌സിന്റെ അളവ് അവരുടെ പ്രായത്തിനനുസരിച്ച് നിശ്ചയിക്കുന്നതിനുള്ള വ്യക്തമായ മാര്‍ഗ്ഗരേഖ തയ്യാറാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കുട്ടികളുടെ പ്രായത്തിനനുസരിച്ച് നല്‍കേണ്ട ന്യൂട്രിമിക്‌സിന്റെ അളവ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഉല്‍പ്പന്നങ്ങളുടെ പാക്കേജ് ലേബലുകളില്‍ പോഷക വിവരങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്ക് നല്‍കേണ്ട അളവും വ്യക്തമായി രേഖപ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അങ്കണവാടി പ്രവര്‍ത്തകര്‍ക്കും ഗുണഭോക്താക്കള്‍ക്കും ബോധവല്‍ക്കരണം
അമൃതം ന്യൂട്രിമിക്‌സ് ഉള്‍പ്പെടെയുള്ള പോഷകാഹാരങ്ങളുടെ ശരിയായ ഉപയോഗം, പാകം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട രീതികള്‍, കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തേണ്ടതിന്റെ ആവശ്യകത എന്നിവ സംബന്ധിച്ച് അങ്കണവാടി പ്രവര്‍ത്തകര്‍ക്കും ഗുണഭോക്താക്കള്‍ക്കും ബോധവല്‍ക്കരണം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. നേരിട്ടുള്ള ബോധവല്‍ക്കരണത്തിന് പുറമെ പോഷന്‍ ട്രാക്കര്‍, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയ സംവിധാനങ്ങളും ഇതിനായി പ്രയോജനപ്പെടുത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
ഹര്‍ജിയെ തുടര്‍ന്നാണ് നടപടി
അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ 20 ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും ഇത് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി പാലക്കാട് പട്ടിത്തറ സ്വദേശി കെ. സഹ്ല സമര്‍പ്പിച്ച ഹരജിയിലാണ് കമ്മീഷന്റെ നടപടി.ആറ് മാസം മുതല്‍ മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉള്‍പ്പെടുത്തുന്നത് ചെറുപ്പത്തില്‍ തന്നെ ജീവിതശൈലീരോഗങ്ങള്‍ക്ക് വഴിയൊരുക്കുമെന്നായിരുന്നു ഹരജിയിലെ പ്രധാന വാദം. കുട്ടികളുടെ ഉത്തമ താല്‍പര്യത്തിനും അവരുടെ പോഷകാഹാര അവകാശത്തിനും വിരുദ്ധമാണ് അധിക അളവില്‍ പഞ്ചസാര ഉള്‍പ്പെടുത്തുന്നതിലൂടെ ഉണ്ടാകാവുന്ന ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം പി. ഷാജേഷ് ഭാസ്‌കറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ALSO READ: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായ വിമർശനം പിൻവലിച്ച് സതീശൻ