നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക്, തയ്യാറെടുപ്പുകളുമായി എൻടിഎ: പുതിയ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്തും
നീറ്റ് പരീക്ഷകള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റുന്നതിനായി വിപുലമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷിതമായ പരീക്ഷാ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനായി എന്‍ടിഎ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ സഹായം തേടി. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനും പരീക്ഷകള്‍ കൂടുതല്‍ സുതാര്യമാക്കാനുമാണ് നടപടി.
സര്‍ക്കാരിന് കീഴിലുള്ള എഞ്ചിനിയറിങ് കോളേജുകള്‍,പോളിടെക്‌നിക്കുകള്‍,മറ്റ് സാങ്കേതിക/ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ കമ്പ്യൂട്ടര്‍ , ഐടി അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങള്‍ നല്‍കാനാണ് എന്‍ടിഎ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ നിര്‍ദേശം നല്‍കിയത്. തടസ്സമില്ലാത്ത വൈദ്യുതി, പവര്‍ ബാക്കപ്പ്, സിസിടിവി നിരീക്ഷണ സംവിധാനങ്ങള്‍ , പരീക്ഷാ കേന്ദ്രങ്ങളായി മാറ്റാന്‍ സാധിക്കുന്ന ഒഴിവുള്ള സ്ഥലങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളാണ് തേടിയത്. വിവരങ്ങള്‍ സെപ്റ്റംബര്‍ 15നകം സമര്‍പ്പിക്കാനാണ് നിര്‍ദേശം.
