'തോറ്റത് കൊണ്ട് പറയുന്നതല്ല, റഫറി പോരാ'; പരിഭവം പറഞ്ഞ് ഫ്രാൻസ് പരിശീലകൻ ദെഷാംപ്‌സ്
"എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്, ഒരു ലോകകപ്പ് സെമി ഫൈനൽ നിയന്ത്രിക്കാൻ ഈ നിലവാരമുള്ള റഫറിമാരെ മതിയോ?,"
ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കുന്ന റഫറിമാർക്കെതിരെ ഫ്രഞ്ച് പരിശീലകൻ ദിദിയെർ ദെഷാംപ്‌സ്. സെമി ഫൈനലിൽ സ്‌പെയിനോട് തോറ്റ് പുറത്തായതിനു പിന്നാലെയാണ് ദെഷാംപ്‌സിന്റെ പരാതി പറച്ചിൽ. ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ ഈ നിലവാരമുള്ള റഫറിമാർ മതിയോയെന്നും ദെഷാംപ്‌സ് ചോദിച്ചു.
' തോൽവിയിൽ വലിയ നിരാശയുണ്ട്. വലിയ ആഗ്രഹങ്ങൾ ഞങ്ങളുടെ കളിക്കാർക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തോൽവിയിൽ അവർ തകർന്നുപോയി. വളരെ മികച്ച രീതിയിൽ കളി നിയന്ത്രിച്ച ടീമിനെതിരെ ഞങ്ങൾ ഇന്ന് ഒരുപടി താഴെയാണ് പ്രകടനം നടത്തിയതെന്ന വസ്തുത അംഗീകരിക്കുന്നു. തോൽവി ഞങ്ങളുടെ പിഴവ് തന്നെയാണ്, മറ്റാരെയും പഴിക്കാനില്ല,' ദെഷാംപ്‌സ് പറഞ്ഞു.
' എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്, ഒരു ലോകകപ്പ് സെമി ഫൈനൽ നിയന്ത്രിക്കാൻ ഈ നിലവാരമുള്ള റഫറിമാരെ മതിയോ? ഞങ്ങൾ ഇന്ന് തോറ്റതുകൊണ്ട് മാത്രം പറയുന്നതല്ല. ഇങ്ങനെയൊരു സംശയം തോന്നുന്ന പല സാഹചര്യങ്ങളും ഈ ലോകകപ്പിൽ ഉണ്ടായിട്ടുണ്ട്. ചില ടീമുകൾക്ക് അനുകൂലമായ റഫറി തീരുമാനങ്ങളെല്ലാം നടന്നിട്ടുണ്ട്,' ദെഷാംപ്‌സ് കൂട്ടിച്ചേർത്തു.