Brazil vs Japan: ബ്രസീലിനു പണികൊടുക്കുമോ ജപ്പാൻ? ഇന്ന് തീ പാറുന്ന പോരാട്ടം
ഹൈ പ്രസിങ് ഗെയിമാണ് ജപ്പാൻ കളിക്കുക. വേഗതയിലും ബ്രസീലിനു വെല്ലുവിളിയാകും
Brazil vs Japan: ആറാം ലോകകപ്പ് ലക്ഷ്യമിട്ട് ഇറങ്ങുന്ന ബ്രസീലിനു റൗണ്ട് 32 വിൽ ഇന്ന് ജപ്പാൻ പരീക്ഷ. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന സൗഹൃദ മത്സരത്തിൽ ജപ്പാനോടു 3-2 നു ബ്രസീൽ തോൽവി വഴങ്ങിയിരുന്നു. ഹൂസ്റ്റണിൽ ഇന്ന് രാത്രി 10.30 നാണ് ബ്രസീൽ-ജപ്പാൻ പോരാട്ടം.
ഹൈ പ്രസിങ് ഗെയിമാണ് ജപ്പാൻ കളിക്കുക. വേഗതയിലും ബ്രസീലിനു വെല്ലുവിളിയാകും. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ജപ്പാന്റെ വരവ്. അവസാന പത്ത് കളികളിൽ ജപ്പാൻ ആകെ വഴങ്ങിയത് ഏഴ് ഗോളുകൾ മാത്രം.
അതേസമയം സ്റ്റാർട്ടിങ് ഇലവനിൽ നെയ്മർ ഇല്ലാതെയാകും ബ്രസീൽ ഇന്ന് ഇറങ്ങുക. പരുക്കിൽ നിന്ന് മുക്തനായി സ്‌കോട്ട്‌ലൻഡിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നെയ്മർ സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിയിരുന്നു. സമാന രീതിയിൽ രണ്ടാം പകുതിയിലായിരിക്കും ജപ്പാനെതിരെയും സൂപ്പർതാരം ഇറങ്ങുകയെന്നാണ് റിപ്പോർട്ട്. മികച്ച ഫോമിലുള്ള വിനീഷ്യസ് ജൂനിയർ, മാത്യു കൂന, ഗിമാറിയസ് എന്നിവരാണ് ബ്രസീലിന്റെ കുന്തമുനകൾ.