തീർന്നിട്ടില്ല, തീപ്പൊരി ഇനിയും ബാക്കിയുണ്ട്: ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോൾ, അപൂർവ റെക്കോർഡും തൂക്കി റൊണാൾഡോ
ഗ്രൂപ്പ് കെയിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍.
ഗ്രൂപ്പ് കെയിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യമത്സരത്തില്‍ നിറം മങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ ആരാധകര്‍ക്കും മത്സരം പ്രിയപ്പെട്ടതായി. നേരത്തെ ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ ദുര്‍ബലരായ കോംഗോയ്‌ക്കെതിരെ പോര്‍ച്ചുഗല്‍ സമനില വഴങ്ങിയിരുന്നു. അതിനാല്‍ തന്നെ ഉസ്‌ബെക്കിസ്ഥാനെതിരെ പോര്‍ച്ചുഗലിന് വിജയം അനിവാര്യമായിരുന്നു.
തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച പോര്‍ച്ചുഗലിനായി മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ റൊണാല്‍ഡോ ഗോള്‍ കണ്ടെത്തി. മെസ്സിയും ഹാളണ്ടും ഹാരി കെയ്‌നും എംബാപ്പെയും കളം നിറഞ്ഞപ്പോള്‍ റൊണാള്‍ഡോ എവിടെപോയെന്ന വിമര്‍ശനങ്ങളെ ഒരൊറ്റ ഗോളിലൂടെ തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാക്കി. ഗോള്‍ നേട്ടത്തോടെ 6 വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി. 39മത്തെ മിനിറ്റില്‍ തന്റെ രണ്ടാമത്തെ ഗോളും റൊണാള്‍ഡോ നേടി.
17മത്തെ മിനിറ്റില്‍ മനോഹരമായൊരു ഫ്രീ കിക്കിലൂടെ ന്യൂനോ മെന്‍ഡസും ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ 3 ഗോളുകളാണ് പോര്‍ച്ചുഗല്‍ നേടിയത്. രണ്ടാം പകുതിയില്‍ ഉസ്‌ബെക്ക് ഗോള്‍മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിടാന്‍ റൊണാള്‍ഡോയ്ക്കായി.60മത്തെ മിനിറ്റില്‍ സെല്‍ഫ് ഗോള്‍ പിറക്കുകയും 87മത്തെ മിനിറ്റില്‍ വിറ്റിഞ്ഞയ്ക്ക് പകരക്കാരനായെത്തിയ റാഫേല്‍ ലിയോ ഗോള്‍ നേടുകയും ചെയ്തതോടെ 5-0ത്തിന്റെ വമ്പന്‍ വിജയമാണ് പോര്‍ച്ചുഗല്‍ കുറിച്ചത്.