'വാപ്പിച്ചിയെ പോലെ എല്ലാം ലഭിക്കുമെന്ന് കരുതരുത്'; ദുൽഖറിന് ഉമ്മിച്ചിയുടെ ഉപദേശം
ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടിയ ശേഷം ദുബായിൽ ജോലി ചെയ്യുകയായിരുന്നു ദുൽഖർ
താരപുത്രൻ എന്ന ഇമേജ് വളരെ വേഗത്തിൽ മാറ്റിയെടുത്ത് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ദുൽഖർ സൽമാൻ. പിതാവും മലയാളത്തിന്റെ മെഗാസ്റ്റാറുമായ മമ്മൂട്ടിയുടെ നിഴലിൽ വളർന്നുവരാൻ ഒരുകാലത്തും ദുൽഖർ ആഗ്രഹിച്ചിട്ടില്ല. മമ്മൂട്ടിക്കും അതിനു താൽപര്യമില്ലായിരുന്നു. കഴിവുണ്ടെങ്കിൽ മകൻ സിനിമയിൽ മുന്നോട്ടു പോകട്ടെ എന്നതായിരുന്നു മമ്മൂട്ടിയുടെ നിലപാട്. ഒടുവിൽ ദുൽഖർ അത് സാധ്യമാക്കി.
ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടിയ ശേഷം ദുബായിൽ ജോലി ചെയ്യുകയായിരുന്നു ദുൽഖർ. കൺസ്ട്രക്ഷൻ മേഖലയിൽ മാസ ശമ്പളത്തിനായിരുന്നു ദുൽഖർ അക്കാലത്ത് ജോലി ചെയ്തിരുന്നത്. പിന്നീട് ദുബായിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുൽഖർ മലയാള സിനിമയിൽ അരങ്ങേറിയത്. 2011 ലായിരുന്നു ദുൽഖറിന്റെ സിനിമാ അരങ്ങേറ്റം.
സിനിമയെ കുറിച്ച് ദുൽഖർ ആലോചിച്ചു തുടങ്ങിയ സമയത്ത് ഉമ്മ സുൽഫത്ത് കുട്ടി ദുൽഖറിന് ഒരു ഉപദേശം നൽകി. അത് ദുൽഖറിന്റെ സിനിമ കരിയറിൽ നിർണായകമായി. 'വാപ്പച്ചിയെ പോലെ സിനിമയിൽ വിജയിക്കാമെന്ന് പ്രതീക്ഷിക്കരുത്,' എന്നാണ് സുൽഫത്ത് മകന് നൽകിയ ഉപദേശം. വാപ്പച്ചിയുടെ തണലിൽ സിനിമയിൽ ശോഭിക്കാമെന്ന പ്രതീക്ഷ വേണ്ട എന്നായിരുന്നു ആ വാക്കുകളുടെ അർത്ഥം. ഉമ്മയുടെ വാക്കുകൾ ദുൽഖറിനെ വലിയ രീതിയിൽ സ്വാധീനിച്ചു. സിനിമ ലോകത്തേക്ക് പോകുകയാണെങ്കിൽ സ്വന്തം കാലിൽ നിൽക്കണമെന്നും വാപ്പച്ചിയുടെ സഹായം കൊണ്ട് മുന്നേറ്റമുണ്ടാക്കരുതെന്നും ദുൽഖർ മനസിൽ ഉറപ്പിച്ചു.
വാപ്പച്ചിയുടെ സഹായം ഇല്ലാതെ തനിക്ക് സിനിമയിൽ ശോഭിക്കാൻ കഴിയുമോ എന്ന് നോക്കാൻ ദുൽഖർ തീരുമാനിച്ചു. അങ്ങനെയാണ് മമ്മൂട്ടിയുടെ മകനായി മുതിർന്ന സംവിധായകർ വച്ചുനീട്ടിയ ഓഫറുകളെല്ലാം ദുൽഖർ നിരസിച്ചത്. നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോയിൽ അഭിനയിക്കാൻ ദുൽഖർ തീരുമാനിക്കുന്നതും ഉമ്മച്ചിയുടെ വാക്കുകൾ കേട്ടാണ്.