അവാർഡ് പടമാണെന്ന് പറഞ്ഞാണ് ഷക്കീല ചിത്രത്തിലേക്ക് എന്നെ വിളിച്ചത്: സലിം കുമാർ
Salim Kumar and Shakeela
മലയാളത്തിൽ വലിയൊരു തിയറ്റർ വിജയമായ സിനിമയാണ് കിന്നാരത്തുമ്പികൾ. മലയാളത്തിലെ എക്കാലത്തേയും പണംവാരി ബി ഗ്രേഡ് ചിത്രങ്ങളുടെ പട്ടികയിൽ കിന്നാരത്തുമ്പികൾ ഉണ്ടാകും. സലിം കുമാറും കിന്നാരത്തുമ്പികളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ഒരു ബി ഗ്രേഡ് മൂവി എന്ന് പറഞ്ഞല്ല തന്നെ അതിലേക്ക് അഭിനയിക്കാൻ വിളിച്ചതെന്ന് സലിം കുമാർ പറയുന്നു.
അന്ന് ഷക്കീലയെയൊന്നും ആർക്കും അറിയില്ല. സുഹൃത്ത് റോഷൻ ആണ് എന്നെ കിന്നാരത്തുമ്പികളിലേക്ക് വിളിച്ചത്. വിനോദ് റോഷൻ എന്ന ഇരട്ട സംവിധായകരുണ്ട്. അവരിൽ ഒരാളാണ് റോഷൻ. മൂന്നാറ് ഭാഗത്താണ് ഷൂട്ടിങ് എന്നു പറഞ്ഞു. ഒരു അവാർഡ് പടമെന്ന് പറഞ്ഞാണ് എന്നെ അതിലേക്ക് വിളിക്കുന്നത്. എന്റെ ഭാഗം ചെയ്തപ്പോ അതിൽ പ്രശ്‌നങ്ങളൊന്നും ഇല്ല. പടത്തിലും അങ്ങനെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സലിം കുമാർ പറയുന്നു.
സിനിമ വിതരണത്തിനു എടുക്കാൻ അന്ന് ആരും വന്നില്ല. പിന്നീട് മസാല രംഗങ്ങൾ കയറ്റിയാലോ എന്ന് നിർമാതാവ് ചോദിക്കുകയാണ്. വേറെ വഴിയൊന്നും ഇല്ല. എന്താണെങ്കിൽ ചെയ്‌തോ, എന്റെ പടം പോസ്റ്ററിൽ വയ്ക്കരുതെന്ന് പ്രൊഡ്യൂസറോട് ആവശ്യപ്പെട്ടു. അങ്ങനെ സംവിധായകൻ പോലും അറിയാതെ പ്രൊഡ്യൂസർ രണ്ടാമത് ഷൂട്ട് ചെയ്തതാണ് മസാല രംഗങ്ങൾ. തുടക്കത്തിൽ നല്ല ഉദ്ദേശത്തോടെ ചെയ്ത സിനിമ മാത്രമായിരുന്നു കിന്നാരത്തുമ്പികളെന്നും സലിം കുമാർ പറഞ്ഞു.
ഷക്കീലയുമായി എനിക്ക് സീൻ ഉണ്ടായിരുന്നില്ല. പിന്നീട് ചിന്തിക്കുമ്പോൾ അതൊരു നഷ്ടമായി തോന്നുന്നുണ്ട്. പോസ്റ്ററിൽ തന്റെ തല വയ്ക്കരുതെന്ന് പറഞ്ഞപ്പോൾ അണിയറപ്രവർത്തകർ അത് അനുസരിച്ചെന്നും സലിം കുമാർ പറഞ്ഞു.
