Jeeva Joseph and Aparna Thomas Divorce: അത് വെറും ഗോസിപ്പല്ല ! വേർപിരിഞ്ഞെന്ന് സ്ഥിരീകരിച്ച് ജീവയും അപർണയും
Jeeva and Aparna Divorce: 'സ രി ഗ മ പ' റിയാലിറ്റി ഷോ അവതാരകനും നടനുമായ ജീവ ജോസഫും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും ടിവി അവതാരകയുമായ അപർണ തോമസും വേർപിരിഞ്ഞു. 11 വർഷത്തെ ദാമ്പത്യ ബന്ധത്തിന് അവസാനമായിരിക്കുന്നുവെന്ന് ജീവയാണ് ആദ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ അപർണയും ഇക്കാര്യം അറിയിച്ചു.
ജീവയുടെ വാക്കുകൾ
അപർണയുമായി പിരിയുന്നുവെന്ന കാര്യം പങ്കുവയ്ക്കുക തന്നെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ജീവ പറയുന്നു. കരിയറിലും സന്തോഷത്തിലും വിഷമഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്നവർ തന്നിൽ നിന്ന് ഇക്കാര്യം കേൾക്കാൻ ആഗ്രഹിക്കുന്നതിനാൽ പങ്കുവയ്ക്കുകയാണെന്നും ജീവ പറഞ്ഞു.
' 11 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഞങ്ങൾ വേർപിരിയുകയാണ്. എവിടെയോ എന്തോ തെറ്റിപ്പോയി, ഇനിയത് മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഞങ്ങൾ തിരിച്ചറിയുന്നു. അതിനാൽ വ്യത്യസ്ത വഴികളിലൂടെ മുന്നോട്ടു പോകാനാണ് രണ്ടുപേരുടെയും തീരുമാനം. ഇതിനു പിന്നിലെ കാരണം പൂർണമായും വ്യക്തിപരമാണ്,' ജീവ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പിരിയുകയാണെന്ന് അപർണയും
ജീവയുടെ കുറിപ്പിനു പിന്നാലെ അപർണയും ഇക്കാര്യത്തിൽ മൗനം വെടിഞ്ഞു. ജീവയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് അപർണ പറഞ്ഞു. ' നിങ്ങളിൽ പലരും എന്നിൽ നിന്ന് കാര്യങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു എന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ നേരിട്ട് നിങ്ങളോട് സംസാരിക്കുന്നത്. അതെ, ഈ വിവാഹബന്ധം അവസാനിച്ചിരിക്കുകയാണ്. സത്യത്തിൽ എനിക്കിത് തുടരാൻ താൽപര്യവുമുണ്ടായിരുന്നില്ല. ഇത് രണ്ടുപേർക്കും എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല എന്ന് എനിക്കറിയാം, എന്നാൽ എനിക്ക് വേണ്ടി എനിക്ക് എടുക്കേണ്ടി വന്ന ഒരു തീരുമാനമായിരുന്നു ഇത്. ഇന്ന് പൂർണ മനസോടെ എനിക്ക് പറയാൻ സാധിക്കും, ഞാൻ വളരെ സന്തോഷവതിയാണ്, എനിക്ക് സുരക്ഷതിത്വം തോന്നുന്നുണ്ട്, ഒപ്പം വളരെ കാലത്തിനു ശേഷം എന്റെ മനസ്സിൽ ഒരുപാട് ഭാരം കുറഞ്ഞതായും തോന്നുന്നു,' അപർണ കുറിച്ചു.
ഗോസിപ്പുകളുടെ തുടക്കം ആ മറുപടിയിൽ നിന്ന്
ഇരുവരും വേർപിരിയുകയാണെന്ന് നേരത്തെ തന്നെ ഗോസിപ്പുകൾ ഉണ്ടായിരുന്നു. സമീപകാലത്ത് ഇരുവരും സമൂഹമാധ്യമങ്ങളിൽ ഒന്നിച്ചെത്തുന്നതും ഒരേ വേദികളിൽ പ്രത്യക്ഷപ്പെടുന്നതും കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് താരദമ്പതികൾ അത്ര നല്ല ബന്ധത്തിലല്ലെന്ന ഗോസിപ്പ് പ്രചരിച്ചു തുടങ്ങിയത്.
അപർണ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചപ്പോൾ അതിനു താഴെ വന്ന കമന്റും അപർണ നൽകിയ മറുപടിയും ഡിവോഴ്‌സ് ഗോസിപ്പുകൾക്ക് ബലമേകി. 'നാളെ നിങ്ങളുടെ വെഡ്ഡിങ് ആനിവേഴ്‌സറി അല്ലേ' എന്ന് അപർണയുടെ ചിത്രത്തിനു താഴെ ഒരാൾ കമന്റ് ചെയ്തിരുന്നു. 'അതൊക്കെ പണ്ട്' എന്നായിരുന്നു അപർണ ആ കമന്റിനു മറുപടി നൽകിയത്. ഇതോടെയാണ് ഇരുവരും വേർപിരിയുകയാണെന്ന സംശയം ശക്തിപ്പെട്ടത്. Also Read: ഈ ജില്ലകളിൽ ഓണം മഴയത്ത്; ന്യൂനമർദ്ദം പണിതരുമോ?