'സർവം നിവിൻ' 100 കോടിയിലേക്ക് കുതിച്ച് ബെത്ലഹേം കുടുംബയൂണിറ്റ്!
ഓണം ബോക്‌സോഫീസില്‍ ഒരു ഇളംതെന്നലായാണ് എത്തിയതെങ്കിലും കളക്ഷനില്‍ കൊടുങ്കാറ്റ് തന്നെ തീര്‍ത്തിരിക്കുകയാണ് നിവിന്‍ പോളി സിനിമയായ ബെത്‌ലഹേം കുടുംബയൂണിറ്റ്. വമ്പന്‍ ബജറ്റിലൊന്നും ഒരുങ്ങാതെ ഒരു ഫാമിലി റോം കോമായെത്തിയ സിനിമ 100 കോടി രൂപ കളക്ഷനിലേക്ക് കുതിക്കുകയാണെന്നാണ് സിനിമാവൃത്തങ്ങളില്‍ നിന്നുള്ള പുതിയ വിവരം.
നിവിന്‍ പോളിയും മമിതയും പ്രധാനതാരങ്ങളായ സിനിമയ്ക്ക് റിലീസ് ചെയ്ത് 3 ദിവസത്തിനുള്ളില്‍ തന്നെ 50 കോടി മറികടക്കാനായി. ആദ്യ 3 ദിവസങ്ങളില്‍ ആഗോളബോക്‌സോഫീസില്‍ നിന്നും 61.05 കോടി രൂപയാണ് സിനിമ കളക്റ്റ് ചെയ്തത്. ഇതോടെ സര്‍വം മായയ്ക്ക് ശേഷം നിവിന്‍ പോളി വീണ്ടും 100 കോടി ക്ലബിലെത്താനുള്ള സാധ്യതകള്‍ തെളിഞ്ഞു. ഞായറാഴ്ച കളക്ഷന്‍ കൂടി കണക്കിലെടുക്കുമ്പോള്‍ 36.70 കോടി സിനിമ ഇന്ത്യയില്‍ നിന്നും ഇതിനകം നേടികഴിഞ്ഞു.
ഗിരീഷ് എ ഡി സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസാണ്. സംഗീത് പ്രതാപ്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, ശ്രിന്ദ, ബിന്ദു പണിക്കര്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
