Dulquer Salmaan: ലോകഃ പരാജയമാകുമെന്നാണ് ഞാന്‍ കരുതിയത്: ദുല്‍ഖര്‍ സല്‍മാന്‍

തന്റെ പിതാവ് മമ്മൂട്ടിക്കും കല്യാണി പ്രിയദര്‍ശന്റെ പിതാവും സംവിധായകനുമായ പ്രിയദര്‍ശനും ലോകഃയുടെ ഭാവിയില്‍ സംശയമുണ്ടായിരുന്നു

Dulquer Salman, Lokah Team, Lokah Movie, Kalyani priyadarshan, ദുൽഖർ സൽമാൻ, ലോക ടീം, ലോക സിനിമ, കല്യാണി പ്രിയദർശൻ
രേണുക വേണു| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (09:51 IST)

Dulquer Salmaan: ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര ഇത്ര വലിയ വിജയമാകുമെന്ന് താന്‍ കരുതിയില്ലെന്ന് നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്‍. താന്‍ അഭിനയിച്ച സിനിമകളേക്കാള്‍ വലിയ വിജയമായിരിക്കുകയാണ് ലോകഃയെന്നും അഭിമാനമുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

' നിര്‍മാതാവ് എന്ന നിലയില്‍ ഞാന്‍ കരുതിയത് ലോകഃയിലൂടെ പണം നഷ്ടമാകുമെന്നാണ്. ഞങ്ങള്‍ക്കറിയാം, ഇത് നല്ലൊരു സിനിമയാണ്. പക്ഷേ ബജറ്റ് അല്‍പ്പം വലുതായിരുന്നു. തുടക്കത്തില്‍ സിനിമയെ ഏറ്റെടുക്കാന്‍ ആരും ഇല്ലായിരുന്നു. ഈ ഫ്രാഞ്ചൈസിക്ക് തുടക്കമിടാം, ആദ്യ ഭാഗം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ തന്നെ വരാനിരിക്കുന്ന ചാപ്റ്ററുകളിലൂടെ ലാഭമുണ്ടാക്കാം എന്നുമാത്രമാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഇപ്പോഴത്തെ വിജയം ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്തതാണ്,' ദുല്‍ഖര്‍ പറഞ്ഞു.

തന്റെ പിതാവ് മമ്മൂട്ടിക്കും കല്യാണി പ്രിയദര്‍ശന്റെ പിതാവും സംവിധായകനുമായ പ്രിയദര്‍ശനും ലോകഃയുടെ ഭാവിയില്‍ സംശയമുണ്ടായിരുന്നു. നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത്? ഇത്ര വലിയ റിസ്‌ക് എടുക്കണോ? എന്നായിരുന്നു പ്രിയദര്‍ശന്റെയും മമ്മൂട്ടിയുടെയും ചോദ്യം. ഞങ്ങള്‍ക്കു വട്ടാണെന്നാണ് തുടക്കത്തില്‍ അവരെല്ലാം കരുതിയത്. എന്നാല്‍ ലോകഃയുടെ വിജയത്തില്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നവര്‍ അവരാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

ഏതാണ്ട് 30 കോടി ചെലവിലാണ് ലോകഃ ഒരുക്കിയിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 250 കോടി കടന്ന് മുന്നേറുകയാണ്. കേരളത്തിലെ നെറ്റ് കളക്ഷനില്‍ നിന്ന് തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്രയ്ക്കു സാധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :