ചികിത്സ തേടി കുടി നിർത്തി, പക്ഷേ അന്ന് മദ്യപിച്ചിട്ടില്ല; മനസ് തുറന്ന് ധർമജൻ
Dharmajan Bolgatty
ചികിത്സ തേടിയാണ് താൻ മദ്യപാനം നിർത്തിയതെന്ന് തുറന്നുപറഞ്ഞ് നടൻ ധർമജൻ ബോൾഗാട്ടി. കുടുംബമാണ് താൻ മദ്യപാനം നിർത്താൻ കാരണമെന്നും ധർമജൻ പറഞ്ഞു.
വീട്ടിൽ ഭാര്യയ്ക്ക് ഇഷ്ടമല്ല
താൻ മദ്യപിക്കുന്നത് വീട്ടിൽ ഭാര്യയ്ക്ക് ഇഷ്ടമല്ലെന്ന് ധർമജൻ പറഞ്ഞു. കുടുംബമാണ് മദ്യപാനം നിർത്താനുള്ള ഒന്നാമത്തെ കാരണം. സുഹൃത്തായ രമേഷ് പിഷാരടി 'ആവശ്യത്തിന് കഴിച്ചാൽ പോരേ' എന്ന് തന്നോട് ഉപദേശിക്കാറുണ്ടായിരുന്നു. ഭാര്യയുടെ വീട്ടിൽ ആരും കഴിക്കുന്നവരുമില്ല. അങ്ങനെയൊക്കെ വന്നപ്പോൾ ഞാൻ വേണ്ട എന്ന് വച്ചു. പിന്നെ പ്രായം. കഴിഞ്ഞ 23-ാം തിയ്യതി എന്റെ അമ്പതാമത്തെ ജന്മദിനമായിരുന്നു. ആവശ്യത്തിനൊക്കെ എല്ലാമായി നടന്നിട്ടുണ്ട്. ഇനിയൊന്ന് നന്നാവട്ടെ. പിള്ളേരും വലുതായി. രണ്ട് പെൺകുട്ടികളാണ്. അതാണ് പ്രധാന കാരണം. സ്വയം ഒന്ന് അടങ്ങാമെന്ന് കരുതി - 24 ന് നൽകിയ അഭിമുഖത്തിൽ ധർമജൻ പറഞ്ഞു.
ചികിത്സ തേടി
മദ്യപാനം നിർത്താൻ ഞാൻ ചികിത്സ തേടിയിരുന്നു. ഉള്ള കാര്യം പറയാമല്ലോ. ഞാൻ അങ്ങനെ വെള്ളമടിച്ച് വീട്ടിൽ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു. കമ്പനി കൂടുമ്പോൾ രണ്ടെണ്ണം അടിക്കുമെന്ന് മാത്രം. അല്ലാതെ എവിടെയെങ്കിലും പോയി അടിയുണ്ടാക്കുകയോ കേസുണ്ടാക്കുകയോ ഒന്നും ചെയ്തിട്ടില്ല. കമ്പനി പുറത്തും, ഈ ഫീൽഡൊക്കെ ആകുമ്പോൾ ആയിപ്പോയതാണെന്നും ധർമജൻ പറഞ്ഞു.
അന്ന് മദ്യപിച്ചിട്ടില്ല
നടൻ ബിബിൻ ജോർജിന്റെ കട ഉദ്ഘാടനത്തിന് പോയത് മദ്യപിച്ചിട്ടാണെന്ന സോഷ്യൽ മീഡിയ ആരോപണവും ധർമജൻ തള്ളിക്കളഞ്ഞു. തിരക്കിട്ട് ഇറങ്ങിയപ്പോൾ ഷർട്ടിന്റെ ബട്ടൻസ് ഓർഡർ തെറ്റിയാണ് ഇട്ടിരിക്കുന്നതെന്ന് ശ്രദ്ധിച്ചിരുന്നില്ല. അതിനെ ആളുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും ധർമജൻ പറയുന്നു. Also Read: സെക്രട്ടേറിയറ്റിൽ മന്ത്രിക്കൊപ്പം കൊലക്കേസ് പ്രതി
