സെക്രട്ടേറിയറ്റിൽ മന്ത്രിക്കൊപ്പം കൊലക്കേസ് പ്രതി
Nikhil Paily With OJ Janeesh
ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലി സെക്രട്ടേറിയറ്റിൽ കോൺഗ്രസ് മന്ത്രിമാർക്കൊപ്പം കൂളായി വിലസുന്നു. മന്ത്രി ഒ.ജെ ജനീഷിനൊപ്പമുള്ള ചിത്രമാണ് നിഖിൽ പൈലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
'ആദ്യമായി എംഎൽഎ ആയവനാ, ആദ്യമായി മന്ത്രി ആയവനാ, കൊടുക്കുന്ന ഓരോ ഫയലും കൃത്യതയോടെ കൈകാര്യം ചെയ്യുന്നതിൽ, OJ Janeesh' എന്ന കുറിപ്പോടെയാണ് മന്ത്രിക്കൊപ്പം സെക്രട്ടേറിയറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കോൺഗ്രസ് നേതാക്കളുമായി വളരെ അടുത്ത ബന്ധമാണ് നിഖിൽ പൈലി പുലർത്തുന്നത്. നേരത്തെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ഓഫീസിൽ നിന്നുള്ള ചിത്രവും നേരത്തെ നിഖിൽ പൈലി പങ്കുവെച്ചിരുന്നു.
കൊലക്കേസ് പ്രതിയെ ചേർത്തുപിടിക്കുന്ന കോൺഗ്രസ്
ഇടുക്കി ഗവ. എൻജിനീയറിങ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ, വിദ്യാർഥിയും എസ്.എഫ്.ഐ. പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയാണ് നിഖിൽ പൈലി. ഇയാളെ പിന്നീട് ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിരുന്നു.
പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് ആദ്യംമുതൽ സ്വീകരിച്ചത്. ധീരജിന്റേത് ഇരന്നുവാങ്ങിയ മരണമാണെന്ന് അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞത് വിവാദമായിരുന്നു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റായിരുന്ന നിഖിൽ പൈലി ഉൾപ്പെടെ ആർക്കെതിരേയും പാർട്ടി കാര്യമായ നടപടി എടുത്തില്ല.
