രേണുക വേണു|
Last Modified വെള്ളി, 12 ഡിസംബര്‍ 2025 (08:32 IST)
India vs South Africa, 2nd T20I: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലെ തോല്‍വിയ്ക്കു പിന്നാലെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനും ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിനും വിമര്‍ശനം. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും കൂടി ഇന്ത്യ തോല്‍പ്പിക്കുകയാണെന്നാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 162 നു ഓള്‍ഔട്ട് ആകുകയായിരുന്നു. 51 റണ്‍സിനാണ് ആതിഥേയുടെ തോല്‍വി. ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ രണ്ടക്കം കാണാതെ പുറത്തായ രണ്ട് പേര്‍ നായകന്‍ സൂര്യകുമാറും ഉപനായകന്‍ ഗില്ലുമാണ്.
ഓപ്പണറായി ക്രീസിലെത്തിയ ഗില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ലുങ്കി എങ്കിടിക്കു വിക്കറ്റ് സമ്മാനിച്ചു മടങ്ങി. നായകന്‍ സൂര്യകുമാര്‍ യാദവ് നാല് പന്തില്‍ അഞ്ച് റണ്‍സെടുത്താണ് പുറത്തായത്. അഭിഷേക് ശര്‍മ (എട്ട് പന്തില്‍ 17), തിലക് വര്‍മ (34 പന്തില്‍ 62), ഹാര്‍ദിക് പാണ്ഡ്യ (23 പന്തില്‍ 20), ജിതേഷ് ശര്‍മ (17 പന്തില്‍ 27), അക്‌സര്‍ പട്ടേല്‍ (21 പന്തില്‍ 21) എന്നിവര്‍ നായകനും ഉപനായകനും നല്‍കിയ സംഭാവനയെക്കാള്‍ കൂടുതല്‍ നല്‍കി.
ഒന്നാം ടി20 മത്സരത്തിലും ടീമിനായി അധികമൊന്നും ചെയ്യാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ല. ശുഭ്മാന്‍ ഗില്‍ രണ്ട് പന്തില്‍ നാലും സൂര്യകുമാര്‍ യാദവ് 11 പന്തില്‍ 12 റണ്‍സുമെടുത്താണ് ഒന്നാം ടി20 യില്‍ പുറത്തായത്.